ജൂതവിരുദ്ധ പോസ്റ്റിനെ അനുകൂലിച്ച് കമന്റ്; പുതിയ വിവാദത്തിന് തിരികൊളുത്തി ഇലോണ്‍ മസ്‌ക്

വിവാദ പരാമര്‍ശങ്ങളുമായി എക്സ് മേധാവി ഇലോണ്‍ മസ്‌ക് വീണ്ടും രംഗത്ത്. എക്സില്‍ വന്ന ഒരു ജൂത വിരുദ്ധ പോസ്റ്റ് ശരിയാണെന്ന് അറിയിച്ചുകൊണ്ട് മസ്‌ക് ട്വീറ്റ് പങ്കുവെച്ചതാണ് വിവാദമായത്. ഇതേ തുടര്‍ന്ന് ട്വിറ്ററിലെ പരസ്യദാതാക്കള്‍ മസ്‌കിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തി.

ജൂതന്മാര്‍ വെള്ളക്കാരോട് ‘വൈരുദ്ധ്യാത്മക വിദ്വേഷം’ പുലര്‍ത്തുന്നുവെന്ന് പറയുന്ന പോസ്റ്റിന് കീഴില്‍ ‘നിങ്ങള്‍ പറഞ്ഞതാണ് യഥാര്‍ത്ഥ ശരി’ എന്ന് മസ്‌ക് കമന്റ് ചെയ്തതാണ് വിവാദമായത്. വൈറ്റ് ഹൗസില്‍ നിന്നും, ടെസ്ലയിലേയും, ട്വിറ്ററിലേയും നിക്ഷേപകരില്‍ നിന്നും വലിയ പ്രതിഷേധത്തിനിടയാക്കി. വിവാദത്തെ തുടര്‍ന്ന് എക്സിലെ പ്രധാന പരസ്യ ദാതാക്കള്‍ പരസ്യം ചെയ്യുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ആപ്പിള്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇക്കൂട്ടത്തിലുണ്ട്.

അതേസമയം മാധ്യമ വാര്‍ത്തകള്‍ക്കെതിരെ രംഗത്തുവന്ന മസ്‌ക്, കഴിഞ്ഞ ഒരാഴ്ചായി താന്‍ ജൂതവിരുദ്ധനാണെന്നാരോപിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞു. ഒന്നും സത്യത്തിന് ഉപരിയാവില്ല. മനുഷ്യര്‍ക്കെല്ലാം ഏറ്റവും മികച്ചതും, സമൃദ്ധവും ആവേശകരവുമായ ഭാവി ഞാന്‍ ആശംസിക്കുന്നു മസ്‌ക് പറഞ്ഞു.

അതേസമയം പരസ്യങ്ങള്‍ക്കൊപ്പം ജൂത വിരുദ്ധ ഉള്ളടക്കങ്ങള്‍ പങ്കുവെച്ചുവെന്നാരോപിച്ച് മീഡിയാ മാറ്റേഴ്സ് ഫോര്‍ അമേരിക്കയ്ക്കെതിരെ മസ്‌ക് പരാതി നല്‍കി. ഡാറ്റയിലും അല്‍ഗൊരിതത്തിലും കൃത്രിമം കാണിച്ചുവെന്നും പരസ്യദാതാക്കളെ അകറ്റുന്നതിനും എക്സിനെ തകര്‍ക്കുന്നതിനുമായി കെട്ടിച്ചമച്ച പോസ്റ്റുകള്‍ പങ്കുവെച്ചുവെന്നും മസ്‌ക് പരാതിയില്‍ ആരോപിക്കുന്നു. പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള ഉത്തരവ് മസ്‌ക് എക്സില്‍ പങ്കുവെച്ചു.

അതിനിടെ ട്വിറ്റര്‍ സിഇഒ ലിന്‍ഡ യക്കരിനോയോട് രാജിവെച്ചൊഴിയാന്‍ ചില പരസ്യ ദാതാക്കള്‍ നിര്‍ദേശിച്ചു. ഈ വിവാദങ്ങള്‍ സല്‍പേരിന് കളങ്കമുണ്ടാക്കുന്നതിന് മുമ്പ് രാജിവെച്ചൊഴിയണമെന്നാണ് യക്കരിനോയ്ക്ക് പരസ്യദാതാക്കള്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍ രാജിവെച്ചൊഴിയാന്‍ യക്കരിനോ തയ്യാറല്ല. എക്സിന്റെ ലക്ഷ്യങ്ങളിലും അവിടെ ജോലി ചെയ്യുന്ന ആളുകളിലും തനിക്ക് വിശ്വാസമുണ്ടെന്ന് ലിന്‍ഡ യക്കരിനോ പറഞ്ഞു. സത്യത്തോട് ഞാന്‍ എന്നും പ്രതിജ്ഞാബദ്ധയാണ്. എക്സില്‍ ഉള്ളത് പോലെ കഠിനാധ്വാനം ടെയ്യുന്ന ഒരു ടീം ഭൂമിയിലില്ല. നിങ്ങള്‍ക്ക് സ്വാധീനം കൂടുമ്പോള്‍ വിരോധികളും ശ്രദ്ധതിരിക്കാന്‍ കെട്ടിച്ചമച്ച പലതുമുണ്ടാവും. പക്ഷെ ഞങ്ങള്‍ ദൗത്യത്തില്‍ നിന്ന് പിന്‍മാറില്ല. ഒരപ്പം നിന്നതിന് നിങ്ങള്‍ക്ക് നന്ദി. എന്നും യക്കരിനോ പറഞ്ഞു. ഈ പോസ്റ്റ് മസ്‌ക് പങ്കുവെക്കുകയും ചെയ്തു.

Top