ശത്രുവിനെ നേരിടാന്‍ കമാന്‍ഡോകള്‍, ഇന്ത്യയുടേത് തന്ത്രപ്രധാനമായ കരുനീക്കം

പ്രതിരോധം എന്നതിലുപരി ആക്രമണം എന്ന രീതിയിലേക്കാണ് ഇന്ത്യന്‍ സേന ഇപ്പോള്‍ മാറിയിരിക്കുന്നത്. അതായത് മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ശത്രുവിനെ ശരിക്കും പ്രഹരമേല്‍പ്പിക്കുക എന്ന തന്ത്രം തന്നെയാണ് ഇന്ത്യന്‍ സേന പയറ്റുന്നത്. പാക്ക് അതിര്‍ത്തിയില്‍ മാത്രമല്ല ചൈനീസ് അതിര്‍ത്തിയിലും ഒരേ നിലപാടാണ് ഇന്ത്യക്കുള്ളത്. അടുത്തയിടെ പാക്ക് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പാക് പട്ടാളക്കാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സേനയുമായി ഇന്ത്യന്‍ സേന നടത്തിയ ഏറ്റുമുട്ടലിലും നഷ്ടം കൂടുതലും ചൈനക്ക് തന്നെയാണ് സംഭവിച്ചിരിക്കുന്നത്.

ഇന്ത്യക്കുണ്ടായ ആള്‍ നാശത്തിന്റെ ഇരട്ടിയിലധികം ചൈനീസ് സേനക്ക് നഷ്ടപ്പെട്ടതായാണ് അമേരിക്കയുടെയും റഷ്യയുടെയും വരെ രഹസ്യാന്വേഷണ സംഘടനകള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ കോവിഡ് കാലത്ത് പോലും കടന്ന് കയറാന്‍ വന്നാല്‍ വിവരമറിയുമെന്ന സന്ദേശമാണ് പാക്കിസ്ഥാനും ചൈനക്കും ഇന്ത്യ നല്‍കിയിരിക്കുന്നത്. പ്രതിരോധം ശക്തമാക്കുന്നതിനും തിരിച്ചടിക്കുന്നതിനുമായി വിവിധ കമാന്‍ഡോ വിഭാഗങ്ങളെ കൂടിയാണ് സൈന്യമിപ്പോള്‍ രംഗത്തിറക്കിയിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ മറൈന്‍ കമാന്‍ഡോകളെ പാംഗോങ് തടാകത്തിലാണ് വിന്യസിച്ചിരിക്കുന്നത്. അതിര്‍ത്തില്‍ ഹിതകരമല്ലാത്ത ചെറിയൊരു നീക്കത്തിനെങ്കിലും ചൈന മുതിര്‍ന്നാല്‍ ആക്രമിക്കാന്‍ തന്നെ ലക്ഷ്യമിട്ടാണ് ഈ മുന്‍കരുതല്‍.

ഇതിനു പുറമെ ഇന്ത്യന്‍ വ്യോമസേനയുടെ ഗരുഡ് കാമാന്‍ഡോകളെയും കരസേനയുടെ പാരാസേനയെയും വ്യാപകമായി അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ആ നിമിഷം തന്നെ കര, വ്യോമ, നാവിക സേനകളെ ഏകോപിപ്പിച്ചു കൊണ്ടുളള സൈനിക നീക്കമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മൂന്ന് സേനയിലെയും അതിസമര്‍ത്ഥരായ സൈനികരെ ഉള്‍പ്പെടുത്തിയാണ് കമാന്‍ഡോ വിഭാഗത്തെ ഇന്ത്യ സൃഷ്ടിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും കഠിനമായ പരിശീലനമാണ് ഇവര്‍ക്കെല്ലാം ലഭിച്ചിരിക്കുന്നത്. നാവികസേനയിലെ അതിര്‍സമര്‍ത്ഥര്‍മാരെ ചേര്‍ത്തുണ്ടാക്കിയതാണ് മാര്‍ക്കോസ് എന്ന മറൈന്‍ കമാന്‍ഡോകള്‍. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളും ധൈര്യശാലികളുമായാണ് ഈ കമാന്‍ഡോകള്‍ അറിയപ്പെടുന്നത്.

കരയിലോ, കടലിലോ ആകാശത്തോ എവിടെ വേണമെങ്കിലും ഓപ്പറേഷന്‍ നടത്താന്‍ ഇവര്‍ സന്നദ്ധരാണ്. പങ്കെടുത്ത ഓപ്പറേഷനുകളിലെല്ലാം ഇവരുടെ പോരാട്ടവീര്യം ശത്രുക്കളെ തരിപ്പണമാക്കിയിട്ടുണ്ട്. അതീവരഹസ്യമായ നീക്കങ്ങളിലൂടെ ജാഫ്‌നയിലെ എല്‍.ടി.ടിയുടെ ഹാര്‍ബര്‍ തകര്‍ത്തതും മാലിദ്വീപിലെ പട്ടാള അട്ടിമറി തടയാന്‍ നടത്തിയ ശ്രമങ്ങളും ഇതില്‍ എടുത്ത് പറയേണ്ടതാണ്. ഇതുപോലെ മാര്‍ക്കോസിന്റെ ധീരത തെളിയിക്കുന്ന നിരവധി ഓപ്പറേഷനുകള്‍ എണ്ണിയെണ്ണി പറയാനുണ്ട്. ജാഫ്‌നയിലെ ഓപ്പറേഷന് 12 കിലോമീറ്റര്‍ കടലിലൂടെ നീന്തിയാണ് ഈച്ചപോലും അറിയാതെ കാമന്‍ഡോകള്‍ ലാന്‍ഡ് ചെയ്തിരുന്നത്. ഏല്‍പ്പിച്ച ജോലി ഭംഗിയായി നിര്‍വഹിച്ച ശേഷം തിരികെ അത്രയും തന്നെ കിലോമീറ്റര്‍ നീന്തിയാണ് കാമാന്‍ഡോകള്‍ തിരികെയെത്തിയിരുന്നത്.

മടങ്ങുന്നതിനിടയില്‍ തമിഴ് പുലികള്‍ തലങ്ങും വിലങ്ങും വെടിവെച്ചെങ്കിലും ഒരാള്‍ക്കു പോലും പരിക്കേറ്റില്ലെന്നത് അമേരിക്കയെ പോലും അത്ഭുതപ്പെടുത്തിയ കാര്യമാണ്. ലോകത്തിലെ ഏറ്റവും മികച്ച പരിശീലനം തന്നെയാണ് ഇന്ത്യയിലെ മൂന്ന് കമാന്‍ന്‍ഡോ വിഭാഗത്തിന്റെയും പോരാട്ട മികവിന് പ്രധാന കാരണം. പാംഗോങ് തടാകക്കരയില്‍ നിലവില്‍ മറൈന്‍ കമാന്‍ഡോകളെ വിന്യസിച്ചതിന് പിന്നില്‍ മറ്റൊരു അജണ്ടയും ഇന്ത്യക്കുണ്ട്.

നാവിക സേനയ്ക്ക് കടുത്ത ശൈത്യമുള്ള പ്രദേശങ്ങളോട് കൂടുതല്‍ പൊരുത്തപ്പെടാനുള്ള സാഹചര്യമുണ്ടാക്കുക എന്ന ലക്ഷ്യമാണിത്. സൈനിക നീക്കങ്ങള്‍ നടത്തുന്നതിനായി നാവിക സേനയ്ക്ക് ഇവിടെ പുതിയ ബോട്ടുകളും അനുവദിച്ചിട്ടണ്ട്. തീവ്രവാദികളെ ചെറുക്കാനായി കാശ്മീരിലെ വുളാര്‍ തടാകക്കരയിലും മറൈന്‍ കമാന്‍ഡോകളെ വ്യാപകമായാണ് ഇന്ത്യയിപ്പോള്‍ വിന്യസിച്ചിരിക്കുന്നത്. പാക്കിസ്ഥാന്റെയും ചൈനയുടെയും ചങ്കിടിപ്പിക്കുന്ന നീക്കങ്ങളാണിത്.

Top