ലഡാക്ക് സംഘർഷം; ചൈനീസ് കമാൻഡിംഗ് ഓഫീസറും കൊല്ലപ്പെട്ടു

ന്യൂഡൽഹി: ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ തിങ്കളാഴ്ച രാത്രിയുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിൽ ചൈനയുടെ കമാൻഡിംഗ് ഓഫീസർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അതേസമയം സംഘർഷത്തിൽ പരിക്കേറ്റ നാല് ഇന്ത്യൻ സൈനികർ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയതു.

ഏറ്റുമുട്ടലിൽ കേണലടക്കം 20 ഇന്ത്യൻ സൈനികരെങ്കിലും വീരമൃത്യു വരിച്ചതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. മരണസംഖ്യ കൂടിയേക്കാം എന്ന സൂചന സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു.

അതിർത്തിത്തർക്കം രമ്യമായി പരിഹരിക്കുന്നതിന് കമാൻഡർതല ചർച്ചയും സൈനിക പിന്മാറ്റവും പുരോഗമിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഘർഷം. വെടിവെപ്പിലല്ല സൈനികർ കൊല്ലപ്പെട്ടതെന്നും കല്ലും വടികളുമുപയോഗിച്ചുള്ള ശാരീരികാക്രമണമാണ് ഉണ്ടായതെന്നുമാണ് സൈന്യം നൽകുന്ന വിശദീകരണം.

സംഘർഷത്തിൽ 43 ചൈനീസ് സൈനികർ മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തുവെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന സൂചന.

Top