Coming to avenge Babri, Kashmir, Gujarat, Muzaffarnagar: ISIS video

isis

വാഷിംഗ്ടണ്‍: ഇന്ത്യന്‍ മുജാഹിദ്ദീനില്‍ പ്രവര്‍ത്തിച്ചിരുന്ന പിന്നീട് ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗമായ മൂന്ന് ഇന്ത്യക്കാരായ ഭീകരര്‍ ഉള്‍പ്പെട്ട പുതിയ വീഡിയോ ഐഎസ് പുറത്തിറക്കി. ഇന്ത്യയില്‍ നിന്നുള്ള ഭീകരര്‍ സിറിയയില്‍ ആക്രമണം നടത്തുന്നതിന്റെ വീഡിയോയാണ് ഇസ്ലാമിക് സറ്റേറ്റ് പുറത്തിറക്കിയത്.

ഐഎസിലേക്ക് ഇന്ത്യക്കാരെ കൂടുതല്‍ ചേര്‍ക്കുന്നതിനും ഐഎസിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമാണ് പുതിയ വീഡിയോ പുറത്തിറക്കിയിട്ടുള്ളത്. തോക്കേന്തി സിറിയയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം നടത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഇതാദ്യമായാണ് ഇന്ത്യന്‍ തീവ്രവാദികളെ ഉള്‍പ്പെടുത്തി ഐഎസ് വീഡിയോ പുറത്തിറക്കിയത്.

പഴയ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരായ മുഹമ്മദ് സാജിദ് എന്ന ബഡാ സാജിദ്, അബു റാഷിദ് എന്ന ഷെയ്ഖ് എന്നിവരാണ് വീഡിയോയില്‍ ഉള്ളത്. മഹാരാഷ്ട്രയിലെ താനെയില്‍ നിന്നും സിറിയയിലേക്ക് പോയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഫഹദ് തന്‍വീര്‍ ഷൈഖാണ് വീഡിയോയില്‍ സംസാരിക്കുന്നത്. അബു അമര്‍ അല്‍ ഹിന്ദി എന്ന പേരാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്. ‘ഞങ്ങള്‍ തിരിച്ചു വരും. പക്ഷേ കൈയില്‍ വാളുമായിട്ടാവും തിരിച്ചു വരിക. ബാബറി മസ്ജിദിനും, കാശ്മീരിലും ഗുജറാത്തിലും മുസാഫര്‍ നഗറിലും മുസ്ലിംകളെ കൂട്ടക്കൊല ചെയ്തതിനും പകരം ചോദിക്കാന്‍ വേണ്ടിയാണ് വരുന്നതെന്ന് ഷൈഖ് വീഡിയോയില്‍ ഭീഷണി മുഴക്കുന്നു.

താനെയില്‍ നിന്നും ഷെയ്കിനൊപ്പം സിറിയയിലേക്ക് പോയി ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ഷഹീം താങ്കിക്ക് ഇയാള്‍ ആദരാഞ്ജലിയും അര്‍പ്പിക്കുന്നുണ്ട്.

ഇന്ത്യയിലെ മുംസ്ലിംകള്‍ക്കെതിരായ അക്രമണങ്ങള്‍ക്ക് കാരണക്കാര്‍ ഗോക്കളെ ആരാധിക്കുന്നവരാണെന്നും ഇതിന് മറുപടി പറയേണ്ടി വരുമെന്നും വീഡിയോയില്‍ ഭീഷണിയുണ്ട്. വീഡിയോയിലുള്ള തീവ്രവാദികള്‍ രാജ്യം വിട്ട് സിറിയന്‍ സര്‍ക്കാറിനെതിരെ യുദ്ധത്തിന് വേണ്ടി പുറപ്പെടാന്‍ ഇന്ത്യക്കാരോട് ആഹ്വാനം ചെയ്യുന്നുമുണ്ട്. എന്നാല്‍ നിലവില്‍ സിറിയയില്‍ ഇന്ത്യയില്‍ നിന്നുള്ള എത്ര ഐഎസ് തീവ്രവാദികള്‍ ഉണ്ടെന്ന കാര്യത്തില്‍ വ്യക്തമായ കണക്കൊന്നുമില്ല. അടുത്തിടെ നടന്ന ആക്രമണങ്ങളില്‍ മരിച്ച ഐഎസ് തീവ്രവാദികളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Top