വരുന്നു ഗാലക്‌സി Z ഫ്‌ലിപ് 5; ജൂലൈ 26 ന് അവതരിപ്പിക്കുമെന്ന് കമ്പനി

ഗാലക്‌സി Z ഫ്‌ലിപ് 5 ജൂലൈ 26 ന് അവതരിപ്പിക്കും എന്ന് കമ്പനി പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയയിലെ സിയോളില്‍ വെച്ചുനടക്കുന്ന ചടങ്ങില്‍ ആയിരിക്കും സാസംങ് തങ്ങളുടെ പുതിയ ഫോണ്‍ അവതരിപ്പിക്കുക. ചടങ്ങില്‍ ഗാലക്‌സി Z ഫ്‌ലിപ് 5 എന്ന് വിളിക്കുന്ന ഗാലക്‌സി Z ഫോള്‍ഡ് 5, ഗാലക്‌സി ടാബ് എസ്- സീരീസ്, ഗാലക്‌സി വാച്ച് 6 എന്നിവയും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ച് നടന്നാല്‍ അധികം വൈകാതെ തന്നെ ഈ ഉത്പന്നങ്ങള്‍ എല്ലാം തന്നെ ഇന്ത്യയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഫോണിന്റെ ഔദ്യോഗിക പോസ്റ്റര്‍ സാസംങ് പുറത്തുവിട്ടത്.

ഗാലക്‌സി Z ഫ്‌ലിപ് 5ന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ സാസംങ് ആരാധകര്‍ എല്ലാം ഏറെ ആകാംഷയിലാണ്. മടക്കി ഉപയോഗിക്കാവുന്ന ഫോണിന്റെ ഡീസൈന്‍ തന്നെയാണ് ഏറ്റവും ആകര്‍ഷണം. മുന്‍ മോഡലുകളേക്കാള്‍ നവീകരിച്ച പതിപ്പ് ആയിരിക്കും ഗാലക്‌സി Z ഫ്‌ലിപ് 5ന്റേത്. അതേ സമയം ചില ആപ്പുകള്‍ പ്രവര്‍ത്തിക്കാനായി അഡീഷണല്‍ ആയി ഒരു ലാര്‍ജ് ഡിസ്‌പ്ലേ വേണമെന്ന് ചിലര്‍ നിര്‍ദേശിച്ചിരുന്നു. അടുത്തിടെ, സമാനമായ വൈഡ് എക്‌സ്റ്റേണല്‍ സ്‌ക്രീനോടുകൂടി മോട്ടറോള Razr 40 അള്‍ട്രാ എന്ന ഫോണ്‍ അവതരിപ്പിച്ചിരുന്നു. നേരത്തെ ഗാലക്‌സിയുടേതായി പുറത്തിറങ്ങിയ ഫോള്‍ഡബിള്‍ ഫോണുകളേക്കാള്‍ മികച്ച ഡിസൈനും ഡസ്റ്റ് പ്രൂഫ് സാങ്കേതിക വിദ്യവും Z ഫ്‌ലിപ് 5ല്‍ ഉണ്ടാകുമെന്ന് ഔദ്യോഗികമല്ലാത്ത ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

മെറ്റല്‍ ഫ്രെയിമില്‍ ആയിരിക്കും ഫോണ്‍ ഒരുങ്ങുന്നത് എന്ന സൂചനയാണ് പോസ്റ്റര്‍ തരുന്നത്. സാസംങിന്റെ ഫോള്‍ഡബിള്‍ ഉപകരണങ്ങളിലെല്ലാം Qualcomm-ന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗണ്‍ ചിപ്സെറ്റ് ആണ് കണ്ടുവരുന്നത് എന്നാല്‍ Z ഫ്‌ലിപ് 5ല്‍ Snapdragon 8 Gen 2 SoC അല്ലെങ്കില്‍ Snapdragon 8+ Gen 2 SoC ആയിരിക്കും എന്നാണ് കമ്പനി നല്‍കുന്ന സൂചന. ഫോണിന്റെ ക്യാമറ ഡിപ്പാര്‍ട്ട്മെന്റിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്.

ഫോണിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഒരു ലക്ഷത്തിന് മുകളില്‍ ആയിരിക്കും വില. അതേ സമയം ചടങ്ങില്‍ പുറത്തിറക്കാന്‍ സാധ്യതയുള്ള സാംസങ് സ്മാര്‍ട്ട് വാച്ചുകളെക്കുറിച്ചും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സാംസങ് വാച്ച് 6 സീരീസിലെ വാച്ച് 6, വാച്ച് 6 ക്ലാസിക്ക് എന്നീ സ്മാര്‍ട്ട് വാച്ചുകള്‍ ആയിരിക്കും അവതരിപ്പിക്കുക. പഴയ വാച്ച് സീരീസിന് സമാനമായി വ്യത്യസ്ത വലുപ്പങ്ങളില്‍ ആയിരിക്കും പുതിയ വാച്ചുകളും ലഭ്യമാകുക. ഈ വര്‍ഷം തന്നെ ഒരു ഗാലക്സി വാച്ച് പ്രോ മോഡല്‍ പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി വാച്ചില്‍ പുതിയ ആരോഗ്യ ഫീച്ചറുകള്‍ ചേര്‍ക്കുമെന്നും ഇതിനായി ഗൂഗിളുമായുള്ള സാംസങിന്റെ പങ്കാളിത്തം തുടര്‍ന്നേക്കും എന്നും പ്രതീക്ഷിക്കുന്നു. വാച്ച് 6 40 എംഎം ബ്ലൂടൂത്ത് വേരിയന്റിന്റെ വില ഏകദോശം 28,700 രൂപയും വാച്ച് 6 ക്ലാസിക്കിന്റെ 43 എംഎം ബ്ലൂടൂത്ത് വേരിയന്റിന്റെ വില ഏകദേശം 37,700 രൂപയും ആയിരിക്കും.

Top