‘മിഥുന്റെ സുഹൃത്ത്, കോമഡി ഉത്സവത്തില്‍ അവസരം’; പീഡന വീരന്റെ കഥകള്‍ കേട്ടാല്‍ ഞെട്ടും

കൊച്ചി: സിനിമ നടന്മാരുടേയും മറ്റും സുഹൃത്തുക്കളാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നവരുടെ കഥ നിരവധി കേട്ടിട്ടുണ്ട്. അത്തരത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഒരാള്‍ സിനിമാ താരത്തിന്റെ പേര് പറഞ്ഞ് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്ന കഥയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഫ്‌ളവേഴ്‌സ് ടിവി കോമഡി ഉത്സവം എന്ന പരിപാടിയുടെ അവതാരകന്‍ മിഥുന്‍ രമേശിന്റെ പേരു പറഞ്ഞാണ് ഇയാള്‍ ആളുകളെ കബളിപ്പിച്ചുകൊണ്ടിരുന്നത്. കൊച്ചിയിലെ ഹാങ് ഔട്ട് പഴങ്കഞ്ഞി കട ഉടമ ഓച്ചിറ ചങ്ങന്‍കുളങ്ങര മണിമന്ദിരത്തില്‍ മഹേഷാണ് മിഥുന്റെ പേരില്‍ പീഡന ശ്രമങ്ങള്‍ നടത്തുന്നത്. നേരത്തെ ഇയാള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതികള്‍ ഉണ്ടായിരുന്നു.

കുട്ടികളെ കോമഡി ഉത്സവത്തില്‍ പങ്കെടുപ്പിക്കാം എന്ന് പറഞ്ഞ് മഹേഷ് സ്‌ക്കൂളുകളില്‍ നാടന്‍ പാട്ടും മറ്റ് കലാപരിപാടികളും പരിശീലിപ്പിക്കാന്‍ പോയിരുന്നു. ഈ സമയങ്ങളില്‍ ഇയാള്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയിരുന്നു. തുടര്‍ന്ന് പലതവണ രക്ഷിതാക്കളും കുട്ടികളും താക്കീത് നല്‍കിയിരുന്നു. കൂടാതെ സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍ എന്ന പേരില്‍ ഓച്ചിറ ചങ്ങന്‍കുളങ്ങരയില്‍ ഒരു സ്ഥാപനം ഇയാള്‍ നടത്തുന്നുണ്ട്. കുട്ടികള്‍ക്കായി കലാ പരിപാടികളുടെ പരിശീലനമാണ് പ്രധാനമായും ഇവിടെ നടത്തുന്നത്. ഫ്‌ളവേഴ്‌സ് ടിവി കോമഡി ഉത്സവം അവതാരകന്‍ മിഥുന്‍ രമേശിന്റെ ഫോട്ടോയും മറ്റും ഉള്‍പ്പെടുത്തി പരിശീലനത്തില്‍ മികവ് പുലര്‍ത്തുന്നവരെ കോമഡി ഉത്സവത്തില്‍ പങ്കെടുപ്പിക്കുമെന്നും വാഗ്ദാനം നല്‍കിയാണ് എല്ലാ അഡ്മിഷനും നടത്തുന്നത്.

ഇയാള്‍ മിഥുന്റെ നല്ല സുഹൃത്താണെന്ന് മറ്റുള്ളവരെ അറിയിക്കാന്‍ മിഥുന്‍ രമേശിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ ‘എന്റെ സുഹൃത്ത് മഹേഷ് നടത്തുന്ന ഹാങ് ഔട്ട് റെസ്റ്റോറന്റില്‍ നിന്നും പഴങ്കഞ്ഞി കുടിക്കുന്നു’ എന്ന പോസ്റ്റും മിഥുനൊപ്പം നില്‍ക്കുന്ന നിരവധി ഫോട്ടോകളും ഇട്ടിട്ടുണ്ട്. ഇങ്ങനെ മഹേഷ് മിഥുനുമായുള്ള ബന്ധം ദുരുപയോഗം ചെയ്യുന്നു. ഏറെ ജനശ്രദ്ധ നേടിയ പരിപാടിയായതിനാല്‍ ഇതെല്ലാം കണുന്ന സ്ത്രീകളും കുട്ടികളും മഹേഷിനെ കണ്ണടച്ച് വിശ്വസിക്കും ഇതാണ് പതിവ്.

മഹേഷിന്റെ സ്വന്തം നാടായ കൊല്ലം ശങ്കരമംഗലത്താണ് ഹാങ് ഔട്ട് എന്ന പഴങ്കഞ്ഞി കട ആദ്യമായി തുറന്നത്. പിന്നീട് കൊച്ചിയിലും തിരുവനന്തപുരത്തും കാസര്‍ഗോഡും കടകള്‍ ആരംഭിച്ചു. എന്നാല്‍ മഹേഷ് തന്റെ എല്ലാ കടകളുടേയും ഉദ്ഘാടനത്തിന് മിഥുനെ ആയിരുന്നു ക്ഷണിച്ചിരുന്നത്. മാത്രമല്ല കോമഡി ഉത്സവത്തിലെ വൈറല്‍ സെഗ്‌മെന്റിലേക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നവരെ കണ്ടെത്തി കൊടുത്തിരുന്നത് മഹേഷായിരുന്നു. അങ്ങനെയാണ് മിഥുനുമായി അടുപ്പത്തിലാകുന്നത്. ഒരു എപ്പിസോഡില്‍ ഇയാളെ മിഥുന്‍ ഫ്‌ളോറില്‍ വിളിച്ച് വരുത്തി അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ഹാങ്ഔട്ട് റെസ്റ്റോറന്റിന്റെ മുഴുവന്‍ പരസ്യങ്ങളിലും മിഥുന്‍ രമേശിന്റെ ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. റെസ്റ്റൊറന്റിന്റെ ഉള്‍വശങ്ങളിലും നോട്ടീസുകളിലും മിഥുന്‍ തിളങ്ങി നില്‍പ്പാണ്. മിഥുന്‍ വഴി നിരവധി സിനിമാ സീരിയല്‍ താരങ്ങളും ഇയാളുടെ റെസ്റ്റോറന്റില്‍ എത്തിയിട്ടുണ്ട്. ഇതൊക്കെ ഫെയ്‌സ് ബുക്കിലും റെസ്റ്റോറന്റിന്റെ ഉള്‍വശങ്ങളിലും കാണാന്‍ കഴിയും. താനൊരു സെലിബ്രിറ്റി ആണ് എന്ന് പെണ്‍കുട്ടികളെയും സ്ത്രീകളെയും വിശ്വസിപ്പിച്ചായിരുന്നു ചൂഷണം.

രണ്ടു മാസം മുന്‍പാണ് മഹേഷ് അയല്‍വാസിയായ എട്ടാംക്ലാസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സ്ഥിരമായി വീടിന് മുന്നില്‍ കൂടി പോകുന്ന വിദ്യാര്‍ത്ഥിനിയെ ആദ്യം 50 രൂപ നല്‍കുകയും പിന്നീട് കുട്ടിയുടെ നോട്ട് ബുക്കില്‍ മൊബൈല്‍ നമ്പര്‍ എഴുതി കൊടുക്കുകയും ചെയ്തു. വീണ്ടും മറ്റൊരു ദിവസം പണം നല്‍കാമെന്നും തന്റെ ഒപ്പം വരാമോ എന്നും ചോദിച്ചു. ശേഷം പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതായി ഓച്ചിറ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇതോടെ ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി പൊലീസ് കേസെടുത്തു. കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയി. ഇതിനിടയില്‍ പരാതി പിന്‍വലിപ്പിക്കാനും കേസ് ഒത്തു തീര്‍പ്പാക്കാനും പ്രതിയുടെ ബന്ധുക്കള്‍ ശ്രമം നടത്തി. ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്ന് പൊലീസിന്റെ അന്വേഷണം ഇഴയാന്‍ തുടങ്ങി. കേസെടുത്ത് രണ്ട് മാസം പിന്നിട്ടിട്ടും പോക്സോ കേസിലെ പ്രതിയെ പിടിക്കാന്‍ ഓച്ചിറ പൊലീസിനായില്ല. ഇത് പ്രതിക്ക് ജാമ്യം നേടിയെടുക്കാനുള്ള വഴിവിട്ട സഹായമായിരുന്നു എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രതിക്ക് ഹൈക്കോടതി ജാമ്യം നല്‍കുകയും ചെയ്തു.

Top