ലക്ഷ്മണ രേഖകൾ ലംഘിച്ചാണ് ഇതുവരെയെത്തിയത്; വിവാദങ്ങൾക്ക് സമയമില്ലെന്നും ആർ ബിന്ദു

തിരുവനന്തപുരം: വി.സിമാരുടെ കാര്യത്തിൽ കൂടിയാലോചനക്ക് ശേഷം തുടർനടപടിയെന്ന് മന്ത്രി ആർ.ബിന്ദു. മാധ്യമങ്ങൾ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. ‘ചാൻസിലർ പേരെടുത്ത് വിമർശിച്ചതിൽ പ്രശ്‌നമില്ല. ലക്ഷ്മണ രേഖകൾ ഒരുപാട് ലംഘിച്ചാണ് ഇന്നിവിടെ നിൽക്കുന്നത്. ചാൻസിലർ നിലപാട് മയപ്പെടുത്തിയതായാണ് വാർത്തകളിലൂടെ മനസിലായത്. തർക്കങ്ങളിൽ അഭിരമിക്കാൻ സമയമില്ലെന്നും അവർ പറഞ്ഞു. കോൺഗ്രസിന് ഏത് കാര്യത്തിലാണ് രണ്ടഭിപ്രായം ഇല്ലാത്തത്. അത് തന്നെയാണ് അവരുടെ പ്രശ്‌നമെന്നും ആർ.ബിന്ദു പറഞ്ഞു.

ഗവർണറുടെ ആക്ഷേപത്തിനും ശക്തമായ മറുപടിയാണ് മന്ത്രി നൽകിയത്. ലക്ഷ്മണ രേഖകൾ ലംഘിച്ചില്ലായിരുന്നില്ലെങ്കിൽ താനിപ്പോഴും വീടിനകത്ത് തന്നെ ഇരിക്കേണ്ടി വന്നേനെ. അവ ലംഘിച്ചത് കൊണ്ടാണ് താനിന്ന് ഇവിടെ നിൽക്കുന്നത്. 35 കൊല്ലമായി പൊതുപ്രവർത്തനം നടത്തുന്നുണ്ട്. നിരവധി പേർ ആക്ഷേപിച്ചിട്ടുണ്ട്. അതൊന്നും ഒരു പ്രശ്നമേയല്ല. ഗവർണറെ പോലെ മുതിർന്നൊരാൾ പറയുമ്പോൾ അതിനെല്ലാം മറുപടി പറയേണ്ടതില്ലെന്നും അവർ പറഞ്ഞു.

എങ്ങനെ മുന്നോട്ടു പോകണമെന്ന കാര്യം എല്ലാവരുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഗവർണർ നേരത്തെയുള്ള നിലപാടിൽ അയവ് വരുത്തി എന്നാണ് മനസ്സിലാക്കുന്നത്. എന്ത് വിഷയങ്ങളിലും എന്നാണ് കോൺഗ്രസിന് ഏകാഭിപ്രായം ഉണ്ടായിട്ടുള്ളതെന്ന് ചോദിച്ച മന്ത്രി, അത് തന്നെയാണ് അവരുടെ പ്രശ്നവുമെന്നും കുറ്റപ്പെടുത്തി.

 

Top