combined commanders’ conference on INS Vikramaditya

കൊച്ചി: സായുധസേനാ മേധാവികളുടെ സംയുക്തയോഗം കൊച്ചി ആഴക്കടലില്‍ ഐഎന്‍എസ് വിക്രമാദിത്യയില്‍ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തിലാണ് യോഗം. രാജ്യത്തെ പ്രതിരോധരംഗത്തെ പുതിയ അധ്യായമാണ് യോഗം തുറക്കുന്നത്.

പ്രതിരോധനയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന യോഗം ചരിത്രത്തിലാദ്യമായാണു ഡല്‍ഹിക്കു പുറത്തു നടക്കുന്നത്.

അറബിക്കടലില്‍ കൊച്ചി തീരത്തുനിന്നു 40 നോട്ടിക്കല്‍ മൈല്‍ (ഉദ്ദേശം 74.08 കി.മീറ്റര്‍) അകലെ നങ്കൂരമിട്ടിരിക്കുന്ന വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രമാദിത്യയില്‍ നടക്കുന്ന കംബൈന്‍ഡ് കമാന്‍ഡര്‍ കോണ്‍ഫറന്‍സ് ഇതിനകം തന്നെ ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്.

കര-നാവിക-വ്യോമ സേനാ മേധാവികള്‍ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും മുന്‍പാകെ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിവരിക്കുന്നതാണു പ്രധാനപരിപാടി.

കഴിഞ്ഞകാലയളവിലെ സേനയുടെ പ്രവര്‍ത്തനം വിലയിരുത്തുകയും ഭാവി പരിപാടികള്‍ക്കു രൂപം നല്‍കുകയും ചെയ്യും. അപ്രതീക്ഷിതമായ ഭീഷണിയും അദൃശ്യനായ ശത്രുവും എന്ന വിഷയത്തിലാകും ചര്‍ച്ചയില്‍ കരസേനയുടെ ഊന്നല്‍.

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും , പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിനും പുറമേ , കരസേനാ മേധാവി ദല്‍ബീര്‍ സിങ് സുഹാഗ്, വ്യോമസേന മേധാവി ഏയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹ, നാവികസേനാമേധാവി അഡ്മിറല്‍ ആര്‍.കെ. ധോവന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

നാവികസേനയുടെ അഭ്യാസപ്രകടനവും യോഗത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ins vikram
സഞ്ചരിക്കുന്ന ഒരു കൊച്ചുനഗരമാണ് ഐഎന്‍എസ് വിക്രമാദിത്യ. നാവികസേനയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലാണിത്. റഷ്യന്‍ നിര്‍മിതമായ ഈ കപ്പലില്‍ ഒരേസമയം 1600 ആളുകള്‍ ജോലിചെയ്യുന്നു. 45 ദിവസം വരെ തുടര്‍ച്ചയായി ഇതിനു യാത്രചെയ്യാം. പ്രവര്‍ത്തനത്തിനു വേണ്ടത് 18 മെഗാവാട്ട് വൈദ്യുതിയാണ്.

നീളം: 284 മീറ്റര്‍, ഉയരം: 60 മീറ്റര്‍ (22 നില കെട്ടിടത്തിന്റെ ഉയരം), 44,500 ടണ്‍ കേവുഭാരം

24 മിഗ് വിമാനങ്ങള്‍, 10 ഹെലികോപ്റ്ററുകള്‍ എന്നിവയാണ് ഐഎന്‍എസ് വിക്രമാദിത്യയുടെ പോര്‍ക്കരുത്ത്.

ഐഎന്‍എസ് വിക്രമാദിത്യ സൈനിക സഖ്യത്തില്‍ അണിചേര്‍ന്നത് രാഷ്ട്രീയപ്പോരിനു ശേഷമാണ്. തുരുമ്പെടുത്ത’ ഈ കപ്പല്‍ (അഡ്മിറല്‍ ഗ്രോഷ്‌കോവ്) റഷ്യയില്‍ നിന്നു വാങ്ങരുതെന്നാവശ്യപ്പെട്ടു ബിജെപി പ്രക്ഷോഭം നടത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പു കരാര്‍ ഒപ്പിട്ടെങ്കിലും കപ്പല്‍ ഇടപാട് ഏറെക്കാലം കടലാസില്‍ തന്നെയായിരുന്നു. എ.കെ. ആന്റണി പ്രതിരോധ മന്ത്രിയായതോടെ ഇടപാടു പൂര്‍ത്തിയാക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു.

കരാര്‍ രാജ്യതാല്‍പര്യത്തിനെതിരാണെന്ന നിലപാടുമായി ബിജെപി പ്രക്ഷോഭം തുടങ്ങി. എന്നാല്‍ ഇതു കണക്കിലെടുക്കാതെ ആന്റണി ഇടപാടിനു പച്ചക്കൊടി കാട്ടി. 2013ല്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ കപ്പല്‍ റഷ്യ, ഇന്ത്യയ്ക്കു കൈമാറി.

Top