‘എല്ലാ തരം വർഗീയതയെയും നേരിടണം’; പോപ്പുലർ ഫ്രണ്ട് റെയ്ഡിൽ പ്രതികരിച്ച് രാഹുൽഗാന്ധി

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകി രാഹുൽ ഗാന്ധി. താൻ എല്ലാതരം ആക്രമണങ്ങൾക്കും എതിരാണെന്നായിരുന്നും എല്ലാതരം വർഗീയതയെയും നേരിടണമെന്നുമായിരുന്നു വാർത്താസമ്മേളനത്തിൽ രാഹുലിന്റെ മറുപടി. ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിൽ കൂടുതൽ സമയമില്ലാത്തതിൽ ആശങ്ക വേണ്ടെന്നും അവിടെ എന്ത് ചെയ്യണമെന്ന് പാർട്ടിക്ക് കൃത്യമായ നിലപാടുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു. യുപിയിൽ ജോഡോ യാത്ര ദൈർഘ്യം എന്തുകൊണ്ട് കുറഞ്ഞുവെന്നതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യാത്ര അതിന്റെ വഴി പരിഗണിച്ചാണ് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് നാളെ പോപുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കേരളം ഉൾപ്പടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ, ഇ.ഡി എന്നിവര്‍ സംയുക്ത റെയ്‌ഡ്‌ സംഘടിപ്പിച്ചിരുന്നു. ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. തെലുങ്കാനയിലെ പോപുലർ ഫ്രണ്ട് ആസ്ഥാനം എൻ.ഐ.എ സീൽ ചെയ്തു. പരിശോധന വിലയിരുത്താൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നത തലയോഗം ചേർന്നിരിക്കുകയാണ്.

 

Top