ഇത് ഭരണകൂട ഭീഷണി;വൻ വിപത്ത്, മുന്നറിയിപ്പ് നൽകി ഗോപീകൃഷണൻ

ലയാളത്തിലെ രണ്ട് പ്രമുഖ ചാനലുകള്‍ക്കെതിരെ വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ആര്‍. ഗോപീകൃഷ്ണന്‍ രംഗത്ത്.
ഓണ്‍ലൈന്‍ മീഡിയകളുടെ സംഘടനയായ കോം ഇന്ത്യയ്ക്ക് വേണ്ടി എഴുതിയ സംയുക്ത എഡിറ്റോറിയലിലാണ് ഈ പ്രതികരണം.

പൂര്‍ണരൂപം ചുവടെ

ഡല്‍ഹി കലാപം ഏകപക്ഷീയമായി റിപ്പോര്‍ട്ടു ചെയ്തുവെന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നീ മലയാളം ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനത്തിനു നേര്‍ക്കുയര്‍ന്ന ഭരണകൂട ഭീഷണിയാണ്. ഇത് ആത്യന്തികമായി നമ്മുടെ ജനാധിപത്യത്തിന് വിപത്കരമാണ്. അത് ഭരണകര്‍ത്താക്കള്‍ തിരിച്ചറിയണം.

സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം ആരോഗ്യമുള്ള ജനാധിപത്യത്തിന്റെ ലക്ഷണമാണ്. അതിനാല്‍ മാധ്യമ സ്വാതന്ത്ര്യത്തിനു വിലക്കു വീഴുമ്പോള്‍ അത് ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേല്‍ മുറുകുന്ന ചങ്ങലയായിത്തന്നെ കരുതണം. രണ്ടു ചാനലുകള്‍ മാധ്യമങ്ങള്‍ക്ക് കലാപ കാലങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലക്ഷ്മണരേഖ മറികടന്നു എന്നതാണ് സര്‍ക്കാര്‍ നടപടിക്ക് അടിസ്ഥാനം എന്നതു മറക്കുന്നില്ല. എന്നാല്‍ അതു മറയാക്കി മാധ്യമങ്ങളെ ഒന്നടങ്കം ഭയപ്പെടുത്തി അവയുടെ വായടപ്പിച്ചു കളയാം എന്നു ധരിക്കരുത്.

എല്ലാ കാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങള്‍ക്കു സാംഗത്യമുള്ള നാടാണ് നമ്മുടേത്. അവ പലപ്പോഴും നിശിതവും രൂക്ഷവുമായിരിക്കാം. അത്തരം വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പോന്നവരായിരിക്കണം ഭരണകര്‍ത്താക്കള്‍. അധികാരം അസഹിഷ്ണുത വളര്‍ത്താന്‍ ഇടയാക്കുമെന്നും അതിനു വളം വച്ചു കൊടുത്താല്‍ ഭരണാധികാരികള്‍ രാക്ഷസീയ രൂപം കൈവരിക്കുമെന്നും അറിയാവുന്നതുകൊണ്ടാണ് ജനങ്ങളുടെ പക്ഷത്തുനിന്ന് മാധ്യമങ്ങള്‍ ശബ്ദമുയര്‍ത്തുന്നത്. മാധ്യമങ്ങള്‍ പറയുന്നത് അപ്രിയ സത്യങ്ങളാകാം. എന്നാല്‍ നിഷ്പക്ഷമായി അതിലെ നിജസ്ഥിതി പരിശോധിച്ച് നടപടി സ്വീകരിക്കുന്നതാണ് ഉചിതമായ കാര്യം. അല്ലാതെ, അടിയന്തരാവസ്ഥയുടെ കരാള ദിനങ്ങളിലേക്കു പിന്‍നടക്കുകയല്ല.

വര്‍ഗീയ സംഘര്‍ഷമോ, കലാപമോ ഉണ്ടാകുന്ന അവസരത്തില്‍ അതു പടരാതെ നോക്കുകയെന്നതും മാധ്യമ ധര്‍മമാണ്. എരിതീയില്‍ എണ്ണ പകര്‍ന്ന് സ്ഥിതിഗതികള്‍ ആളിക്കത്തിക്കാന്‍ ഇട നല്‍കിയാല്‍ ആ തീയില്‍ നിരപരാധികളും അവരുടെ സ്വപ്നങ്ങളുമാകും ചാമ്പലാകുകയെന്നതും ഓര്‍മിക്കണം. സംഘട്ടനത്തിന്റെ രണ്ടറ്റങ്ങളില്‍ നില്‍ക്കുന്നത് ഏതു തരക്കാരുമാകട്ടെ, അവരെ പ്രോത്സാഹിപ്പിക്കലോ, പക്ഷം പിടിക്കലോ മാധ്യമ പ്രവര്‍ത്തകരുടെ ജോലിയല്ല.

രാജ്യത്ത് പത്രമാരണ നിയമങ്ങള്‍ ഏതെല്ലാം കാലത്ത്, ഏതെല്ലാം രൂപത്തില്‍ വന്നിട്ടുണ്ട് എന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കറിയാം. അധികാരത്തിലിരിക്കുന്നവര്‍ ആരുതന്നെയായാലും, അവര്‍ക്കും അവരുടെ പാര്‍ശ്വവര്‍ത്തികള്‍ക്കും ഏറ്റവും ആശ്വാസകരമാണ് മാധ്യമങ്ങളില്ലാത്ത അവസ്ഥ. എന്നാല്‍ അത് അവരെ അധികാരത്തിലേറ്റിയ ജനങ്ങളുടെ വിശാല താല്പര്യമല്ല. കേന്ദ്രത്തില്‍ ഭരണം കൈയാളുന്ന ബിജെപിക്ക് വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത അറിവുള്ളതാണ്. എന്നാല്‍ അവരുടെ നേതാക്കളും പ്രവര്‍ത്തകരും അടിയന്തരാവസ്ഥയുടെ ഇരകളാകേണ്ടി വന്നത് അന്ന് മാധ്യമങ്ങള്‍ക്കു കൂച്ചുവിലങ്ങുണ്ടായിരുന്നതു കൊണ്ടു കൂടിയാണ്. ആ കരാള ദിനങ്ങള്‍ നാടിനോ, ആ ഭരണാധികാരിക്കോ ഗുണം ചെയ്തില്ലെന്നും പിന്നീടു കണ്ടു. ചെറിയ ശാസനകളില്‍ ഒതുക്കേണ്ട കാര്യങ്ങളെ പര്‍വ്വതീകരിച്ച് വഷളാക്കുന്നത് ഏത് ഉന്നത് ഉദ്യോസ്ഥനോ ഉപദേഷ്ടാവോ ആയാലും അവര്‍ നമ്മുടെ ജനാധിപത്യത്തെ ആഴത്തിലാണ് മുറിവേല്‍പ്പിക്കുന്നത് എന്ന് മറന്നുകൂടാ.

കോം ഇന്ത്യയ്ക്കുവേണ്ടി രക്ഷാധികാരി ആര്‍ ഗോപീകൃഷ്ണന്‍

Top