ചാനല്‍ പൂട്ട് ; നിയമസഭ പ്രമേയം പാസാക്കണമെന്ന് കോം ഇന്ത്യ

ഡല്‍ഹി കലാപം റിപ്പോര്‍ട്ടുചെയ്തതിന് ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിവയ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ അപലപിച്ച് കേരള നിയമസഭ സംയുക്ത പ്രമേയം പാസാക്കണമെന്ന് ഓണ്‍ലൈന്‍ മാധ്യമ കൂട്ടായ്മയായ കോം ഇന്ത്യ ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പാസാക്കിയത് പോലുള്ളൊരു പ്രമേയം ഇക്കാര്യത്തിലും വേണമെന്നതാണ് സംഘടനയുടെ നിലപാട്.

മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ കടന്നുകയറ്റമാണ് വിലക്കെന്ന് കോം ഇന്ത്യ ഭാരവാഹികള്‍ തുറന്നടിച്ചു. വാര്‍ത്ത ചാനലുകളെ തടഞ്ഞ് അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമം വിലപ്പോവുകയില്ല.

വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതിന്റെ പേരില്‍ ചാനലുകള്‍ക്കെതിരെ നടപടിയെടുക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണ്. മാധ്യമങ്ങള്‍ തങ്ങള്‍ പറയുന്നതുമാത്രം റിപ്പോര്‍ട്ടുചെയ്താല്‍ മതിയെന്ന നിലപാട് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത് ആര്‍ക്കും അംഗീകരിക്കാനുമാകില്ല. കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നത്. ഇനിയും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ പ്രതിഷേധം രാജ്യമെങ്ങും ഉയര്‍ന്ന് വരേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കേരള നിയമസഭാ ഒറ്റക്കെട്ടായി പ്രമേയം പാസാക്കണമെന്നും സംസ്ഥാനത്തിന്റെ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കണമെന്നുമാണ് കോം ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സംഘടനാ ഭാരവാഹികള്‍ കത്ത് നല്‍കിയിട്ടുണ്ട്.

Top