വെബ് പോർട്ടലുകൾ ജാഗ്രത പാലിക്കണമെന്ന് കോം ഇന്ത്യ ഗ്രീവിയൻസ് കൗൺസിൽ

തിരുവനന്തപുരം: പുതിയ കാലഘട്ടത്തിൽ ജനങ്ങൾ വാർത്തകൾക്കായി കൂടുതൽ ആശ്രയിക്കുന്നത് ഓൺലൈൻ മാധ്യമങ്ങളെയാണെന്നും അതിനാൽ തന്നെ വെബ് പോർട്ടലുകൾ കൂടുതൽ ഉത്തരവാദിത്വവും ജാഗ്രതയും പുലർത്താൻ തയ്യാറാകണമെന്നും കോം ഇന്ത്യാ ഗ്രീവിയൻസ് കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. ചെയർമാൻ ഡോ. കെ കെ എൻ കുറുപ്പ് അധ്യക്ഷത വഹിച്ചു.

വെബ് പോർട്ടലുകളും സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നവരും വാർത്തകളിലും അഭിപ്രായപ്രകടനങ്ങളിലും, കരുതലും മിതത്വവും ജാഗ്രതയും പാലിക്കണമെന്നാണ് യോഗത്തിൽ സംസാരിച്ച, കോം ഇന്ത്യാ ഗ്രീവിയൻസ് കൗൺസിൽ ( IDPCGC ) ചെയർമാനും, മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ ഡോ . കെ.കെ.എൻ കുറുപ്പ് അഭിപ്രായപ്പെട്ടത്. ഓൺലൈൻ പോർട്ടലുകളിൽ വാർത്തകളിലും പദപ്രയോഗങ്ങളിലും ജാഗ്രത അനിവാര്യമാണെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകളിലെ പരാമർശങ്ങൾ പരിധി വിടാതെ ശ്രദ്ധിക്കേണ്ടത് ഓൺലൈൻ മാധ്യമങ്ങളെ ആശ്രയിക്കുന്ന ഭൂരിപക്ഷം വരുന്ന വായനക്കാരോടുള്ള ഉത്തരവാദിത്വമായി കാണണമെന്നാണ് ഗ്രീവിയൻസ് കൗൺസിൽ അംഗവും സാഹിത്യകാരനുമായ ഡോ. ജോർജ്ജ് ഓണക്കൂർ ആവശ്യപ്പെട്ടിരിക്കുന്നത്. സമൂഹത്തോടുള്ള കടപ്പാടും എല്ലാരീതിയിലും ധാർമ്മികതയിൽ ഊന്നി കൊണ്ട് മാധ്യമ പ്രവർത്തനവും ഡിജിറ്റൽ പബ്ലിഷർമാരുടെ ഭാഗത്തുനിന്നും ഉറപ്പുവരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.

വാർത്തകളിൽ തികഞ്ഞ ഉത്തരവാദിത്വവും മൂല്യബോധവും ഉണ്ടാക്കാൻ, ഓൺലൈൻ മാധ്യമപ്രവർത്തകർ തയ്യാറാകണമെന്നാണ്, യോഗത്തിൽ പങ്കെടുത്ത ഗ്രീവിയൻസ് കൗൺസിൽ അംഗവും, മുൻ ഹയർ സെക്കണ്ടറി എജ്യുക്കേഷൻ ഡയറക്ടറുമായ ജെയിംസ് ജോസഫിൻ്റെ അഭിപ്രായം.

അതേസമയം, സമൂഹമാധ്യമങ്ങളെ അടക്കം ശരിയായ പാതയിലേക്ക് നയിക്കേണ്ട ഉത്തരവാദിത്വം ഓൺലൈൻ മാധ്യമങ്ങൾക്കുണ്ടെന്ന അഭിപ്രായമാണ്, മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രീവിയൻസ് കൗൺസിൽ അംഗവുമായ ആർ ഗോപീകൃഷ്ണൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പൊതുപ്രവർത്തകരെ വിമർശിക്കുമ്പോഴും അവരുടെ വ്യക്തിത്വത്തെയും പദവിയെയും മോശമായി ചിത്രീകരിക്കുന്നത് ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാർത്തകളുടെയും സംഭവങ്ങളുടെയും ആധികാരികതയും വിശ്വാസ്യതയെയും ഉറപ്പ് വരുത്തി കൊണ്ട് മാത്രമേ ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ടുകൾ നൽകാവു എന്നും, വ്യക്തികളെ കുറിച്ചുള്ള വാർത്തകളിൽ അവരുടെ ഭാഗം കൂടി കേൾക്കാൻ തയ്യാറാകേണ്ടതുണ്ടെന്നും ഗ്രീവിയൻസ് കൗൺസിൽ അംഗങ്ങളും കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (ഇന്ത്യാ ) പ്രസിഡണ്ടുമായ വിൻസൻ്റ് നെല്ലിക്കുന്നേൽ, സെക്രട്ടറി അബ്ദുൾ മുജീബ്, ട്രഷറർ കെ കെ ശ്രീജിത്ത് എന്നിവരും യോഗത്തിൽ വ്യക്തമാക്കി. വാർത്തകൾ തയ്യാറാക്കുന്ന സമയത്ത് വ്യക്തികളിൽ നിന്നും പ്രതികരണം ലഭച്ചില്ലെങ്കിൽ, പിന്നീടെങ്കിലും അവരുടെ ഭാഗങ്ങൾ കേൾക്കാൻ തയ്യാറാകേണ്ടതുണ്ടെന്നും കോം ഇന്ത്യ ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Top