നടി ശ്വേതാ മേനോനെതിരെ നിയമ നടപടിക്ക് കോം ഇന്ത്യ !

തിരുവനന്തപുരം: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരായി നടി ശ്വേതാ മേനോന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ കോം ഇന്ത്യ. സംസ്ഥാനത്തെ സ്വതന്ത്ര ഓണ്‍ലൈന്‍ മീഡിയകളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ്
ഓണ്‍ലൈന്‍ മീഡിയ (ഇന്ത്യ) ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

രാജ്യത്തെ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ തന്നെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നതെന്നും, വാര്‍ത്തകള്‍ നല്‍കുന്നത് പരിശോധിക്കാനും വിലയിരുത്താനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും അതിന്റേതായ സംവീധാനങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന സമിതികളും ഉണ്ടെന്നും കോം ഇന്ത്യ പത്രക്കുറുപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ ഒന്നടങ്കം ശ്വേത വിമര്‍ശിച്ചത് .അപക്വവും പ്രകോപനകരവുമാണെന്നാണ് സംഘടനയുടെ വിലയിരുത്തല്‍. തങ്ങള്‍ക്കെതിരെ വാര്‍ത്ത വന്നാല്‍ അതിനെ മഞ്ഞ മാധ്യമപ്രവര്‍ത്തനം എന്നു പറഞ്ഞ് അധിക്ഷേപിക്കുന്നത് ആരായാലും അവരുടെ അന്തസിന് ചേര്‍ന്നതല്ലന്നും കോം ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം വാര്‍ത്തകള്‍ വന്നാല്‍ നേരിടാന്‍ അവര്‍ക്ക് നിയമപരമായ എല്ലാ സ്വാതന്ത്യവും ഉണ്ട്. അതിരിക്കെ എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ചേര്‍ത്ത് അധിക്ഷേപിച്ചത് അംഗീകരിക്കാനാവില്ലന്നും അതു കൊണ്ടാണ് നിയമനടപടി സ്വീകരിക്കുന്നതെന്നുമാണ് സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കിയിരിക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങളില്‍ ഉണ്ടാകുന്ന ചെറിയ പരാമര്‍ശങ്ങള്‍ക്ക് പോലും ഓണ്‍ലൈന്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്ന ചില പ്രവണതകള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്വേത മേനോന്‍ നടത്തിയ പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് തീരുമാനം പ്രഖ്യാപിച്ച കോം ഇന്ത്യ പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേലും, ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുജീബും വ്യക്തമാക്കിയിരിക്കുന്നത്.

 

Top