അമിത വേഗത്തിന് പിടിച്ച കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നായ; ഒടുവിൽ യുവാവിനെ പിടികൂടി പൊലീസ്

സ്പ്രിംഗ്ഫീല്‍ഡ്: ഓവര്‍ സ്പീഡിന് പിടിച്ചപ്പോള്‍ ഡ്രൈവിംഗ് സീറ്റിലുള്ള ആളെ കണ്ട് പൊലീസിന് അമ്പരപ്പ്. ഓവര്‍ സ്പീഡിലെത്തിയ ആഡംബര വാഹനം തടഞ്ഞ് നിര്‍ത്തി വാഹനത്തിന് അടുത്തേക്ക് എത്തിയ ഉദ്യോഗസ്ഥന്‍ ഡ്രൈവര്‍ സീറ്റില്‍ കണ്ടത് ഒരു നായയെ ആണ്. കൊളറാഡോയിലെ സ്പ്രിംഗ്ഫീല്‍ഡിലാണ് സംഭവം. ശനിയാഴ്ച രാത്രിയോടെയാണ് പിഴയില്‍ നിന്നൊഴിവാകാന്‍ യുവാവിന്റെ പാഴ്ശ്രമം പൊലീസ് ശ്രദ്ധയില്‍പ്പെട്ടത്.

നായയുമായി ഡ്രൈംവിഗ് സീറ്റ് വച്ച് മാറാനുള്ള കുതന്ത്രത്തിന് പിന്നില്‍ യുവാവ് മദ്യപിച്ചുവെന്ന കാരണവും വിശദമായ പരിശോധയില്‍ വ്യക്തമായിട്ടുണ്ട്. പൊലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ വാഹനവും നായയെയും ഉപേക്ഷിച്ച് ഇറങ്ങിയോടിയ യുവാവിനെ ചെറിയൊരു ഓട്ടമല്‍സരത്തിന് പിന്നാലെയാണ് പിടികൂടാനായത്. പ്രത്യക്ഷത്തില്‍ തന്നെ മദ്യപിച്ചുവെന്ന് മനസിലാക്കുന്നതായിരുന്നു യുവാവിന്റെ പെരുമാറ്റം. പരിശോധനകള്‍ക്ക് വിസമ്മതിച്ചതോടെ യുവാവിനെ പൊലീസ് ആശുപത്രിയിലെത്തിച്ചാണ് പരിശോധന പൂര്‍ത്തിയാക്കിയത്.

പരിശോധനയില്‍ യുവാവ് മദ്യപിച്ചാണ് അമിത വേഗതയില്‍ വാഹനമോടിച്ചതെന്ന് വ്യക്തമാവുകയും ചെയ്തു. ശാരീരിക പരിമിതികള്‍ ഉള്ള കാരണത്താല്‍ നേരത്തെയും അറസ്റ്റ് ഒഴിവാക്കിയ പശ്ചാത്തലമുള്ള യുവാവ് ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന പരിശോധനയും പുരോഗമിക്കുന്നുണ്ട്.

മാര്‍ച്ച് അവസാന വാരത്തില്‍ ഫ്ലോറിഡയില്‍ കാമുകിയെ സഹായിക്കാനായി അമിത വേഗതയില്‍ വാഹനം ഓടിച്ച 22 കാരന്റെ ലൈസന്‍സ് പൊലീസ് റദ്ദാക്കിയിരുന്നു. മണിക്കൂറില്‍ 64 കിലോമീറ്റര്‍ മാത്രം വേഗതയില്‍ വാഹമോടിക്കാന്‍ അനുമതിയുള്ള നിരത്തിലൂടെ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി 160 കിലോമീറ്റര്‍ വേഗതയിലായിരുന്നു ജെവോണ്‍ പിയറി ജാക്സണ്‍ എന്ന 22 കാരന്‍ കാറോടിച്ചത്. പൊലീസ് പിടികൂടുമ്പോള്‍ കാമുകിയ കൃത്യ സമയത്ത് ഒരു അഭിമുഖത്തിന് എത്തിക്കാന്‍ വേണ്ടിയായിരുന്നു കടുംകൈ എന്നാണ് യുവാവിന്റെ വിശദീകരണം. എന്നാല്‍ ഇതിന് മുന്‍പും അമിത വേഗതയ്ക്ക് പിടിവീണിട്ടുള്ളതിനാല്‍ പൊലീസ് യുവാവിന്റെ ലൈസന്‍സ് റദ്ദാക്കുകയായിരുന്നു.

Top