ശ്രീലങ്കന്‍ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി : ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലും സുരക്ഷ ശക്തമാക്കി. ഐഎസ് സംഘത്തില്‍ ഉള്‍പ്പെട്ടെന്ന് സംശയിക്കുന്ന ഇവര്‍ ഇന്ത്യയില്‍ നിന്നും ഒളിച്ചുകടന്ന ശേഷം അഫ്ഗാനിസ്ഥാനിലും സിറിയയിലുമായി കഴിയുകയാണെന്നാണ് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. അതിനാല്‍ ഇന്ത്യയില്‍ നിന്നും നാടുവിട്ട ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന 50 പേരെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ നിന്നും നാടുവിട്ട ഐഎസ് ബന്ധം സംശയിക്കുന്നവര്‍ ഭീകരവാദ സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഭീകരാക്രമണങ്ങള്‍ നടത്താനാണ് ഇവരുടെ പദ്ധതിയെന്നുമാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ നിഗമനം.

കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 105 ഓളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് എന്‍ഐഎയുടെ പിടിയിലായത്. ഇവര്‍ക്കെതിരെ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2016 മെയ്-ജൂണ്‍ കാലയളവില്‍ ഇന്ത്യ വിട്ട കേരളത്തില്‍ നിന്നുള്ള യുവാക്കള്‍ അഫ്ഗാനിസ്ഥാനിലെത്തി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുകയായിരുന്നെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സിറിയയിലും ഇറാഖിലുമായി താമസിക്കുന്ന ഐഎസ് ഭീകരര്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ യുവാക്കളെ ഐഎസിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നും എന്‍ഐഎ പറഞ്ഞു. ശ്രീലങ്കയിലെ കൊളംബോയിലുണ്ടായ സ്‌ഫോടനപരമ്പരകളുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.

Top