റോഹിംഗ്യകളുമായി സമുദ്രാതിര്‍ത്തി കടന്ന ഇന്ത്യന്‍ പായ്ക്കപ്പല്‍ ലങ്കന്‍ തീരസേന പിടിച്ചെടുത്തു

കൊളംബോ: മുപ്പതു റോഹിംഗ്യ അഭയാര്‍ഥികളുമായി ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തി കടന്ന ഇന്ത്യന്‍ പായ്ക്കപ്പല്‍ ലങ്കന്‍ തീരസേന പിടികൂടി.

15 ദിവസം പ്രായമായ കുഞ്ഞുള്‍പ്പെടെ 16 കുട്ടികളും അഭയാര്‍ഥി സംഘത്തിലുണ്ടായിരുന്നു. ഇവരെ ശ്രീലങ്കയിലേക്കു കടത്താന്‍ ശ്രമിച്ചതാണെന്ന് സംശയിക്കുന്നു. പായ്ക്കപ്പലിലെ രണ്ട് ഇന്ത്യന്‍ ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.

കുഞ്ഞുങ്ങളെ പായ്ക്കപ്പലില്‍ കണ്ട് സംശയം തോന്നിയാണ് പായ്ക്കപ്പലിനെ പിന്തുടര്‍ന്നതെന്ന് ശ്രീലങ്കന്‍ നാവികസേനാ വക്താവ് ചാമിന്ദ വലകുലുഗെ പറഞ്ഞു. കുട്ടികളെക്കൂടാതെ, ഏഴു സ്ത്രീകളും ഏഴു പുരുഷന്‍മാരും പായ്ക്കപ്പലിലുണ്ടായിരുന്നു.

നാലുവര്‍ഷം അഭയാര്‍ഥികളായി ഇന്ത്യയില്‍ കഴിഞ്ഞിരുന്നവരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്വം പ്രാദേശികാധികൃതരെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

മ്യാന്‍മറിലെ റാഖിന്‍ പ്രവിശ്യയാണ് റോഹിംഗ്യകളുടെ കേന്ദ്രം. മ്യാന്‍മര്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ ബുദ്ധമതക്കാര്‍ നടത്തുന്ന അതിക്രമങ്ങളെത്തുടര്‍ന്ന് ലക്ഷക്കണക്കിനു ആളുകളാണ് ഇവിടെ നിന്ന് പലായനം ചെയ്തു പോകുന്നത്. ബംഗ്ലാദേശും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങളില്‍ ആയിരങ്ങള്‍ അഭയാര്‍ഥികളായി കഴിയുന്നുണ്ട്.

ബംഗ്ലാദേശില്‍നിന്നുള്ള 138 അഭയാര്‍ഥികളെ നാലുവര്‍ഷം മുമ്പ് ശ്രീലങ്കന്‍ നാവികസേന രക്ഷിച്ചിരുന്നു.

Top