ലോകത്ത് ആദ്യമായി ജങ്ക് ഫുഡ് നിയമം പാസാക്കി കൊളംബിയ

ബൊഗോട്ട: ലോകത്ത് ആദ്യമായി ജങ്ക് ഫുഡ് നിയമം പാസാക്കി കൊളംബിയ. ജങ്ക് ഫുഡ് ഗണത്തില്‍പ്പെടുന്ന പ്രോസസ്ഡ് ഭക്ഷണങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുന്നതാണ് പുതിയ നിയമം. 10 ശതമാനം മുതല്‍ 20 ശതമാനം വരെയാണ് വില വര്‍ധനയാണ് ജങ്ക് ഫുഡുകള്‍ക്ക് ഈ മാസം മുതല്‍ നല്‍കേണ്ടി വരിക. ഇത്തരം ഭക്ഷണങ്ങളില്‍ നിര്‍ബന്ധിത മുന്നറിയിപ്പുകള്‍ നല്‍കുന്നതും രാജ്യത്ത് പരിഗണനയിലാണ്. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങളുടേയും പ്രചരണങ്ങളുടെ ശ്രമഫലമായാണ് നിയമം വരുന്നത്. പ്രോസസ് ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ക്ക് പ്രത്യേകമായി ചുമത്തുന്ന ടാക്‌സില്‍ കാലക്രമേണ വര്‍ധനവ് വരുത്തും. പല രാജ്യങ്ങളും പുകയില ഉല്‍പന്നങ്ങള്‍ക്കും സോഫ്റ്റ് ഡ്രിങ്കുകള്‍ക്കും മധുരം അധികമായി ഉപയോഗിക്കുന്ന പാനീയങ്ങള്‍ക്കും അമിത നികുതി ചുമത്തിയിട്ടുണ്ട്.

എന്നാല്‍ പ്രോസസ് ചെയ്ത ഭക്ഷണ വസ്തുവിന് ഇത്തരത്തില്‍ നികുതി ചുമത്തുന്നത് ആദ്യമായാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് മാതൃകയാക്കാവുന്ന തീരുമാനമാണ് കൊളംബിയ സ്വീകരിച്ചിരിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നത്. റെഡി ടു ഈറ്റ്‌സ് ഭക്ഷ്യ വസ്തുക്കളിലും ഉപ്പ് അധികമായി ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളിലും ചോക്ലേറ്റ്, ചിപ്‌സുകള്‍ എന്നിവയ്ക്ക് നികുതി ബാധകമാവും. എന്നാല്‍ സോസേജുകള്‍ക്ക് ടാക്‌സ് ഏര്‍പ്പെടുത്തിയിട്ടില്ല. ഭക്ഷ്യ വ്യവസായ മേഖലയിലെ കമ്പനികളുമായുള്ള ധാരണയേ തുടര്‍ന്നാണ് ഇത്.

ഉപ്പ് അമിതമായി ഉപയോഗിക്കുന്നതാണ് കൊളംബിയയിലെ പൊതുവായ ഭക്ഷണ രീതി. ഇത് രാജ്യത്ത് ഹൃദ്രോഗികളുടെ എണ്ണത്തില്‍ വലിയ രീതിയിലുള്ള വര്‍ധനവ് സൃഷ്ടിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. ഒരു സാധാരണ കൊളംബിയന്‍ പൌരന്‍ ഒരു ദിവസത്തില്‍ ശരാശരി 12 ഗ്രാം ഉപ്പ് ആഹരിക്കുന്നുവെന്നാണ് വിവരം. രാജ്യത്തെ പ്രായപൂര്‍ത്തിയായ ഒട്ടുമിക്ക ആളുകള്‍ക്കും രക്ത സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട തകരാറുകള്‍ ഉണ്ടെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍.

Top