ഇംഗ്ലണ്ട്-കൊളംബിയ പ്രീക്വാര്‍ട്ടര്‍ മത്സരം പുനപരിശോധിക്കണമെന്ന് ഫിഫയ്ക്ക് പരാതി

colombia

മോസ്‌കോ: ഇംഗ്ലണ്ട്-കൊളംബിയ പ്രീക്വാര്‍ട്ടര്‍ മത്സരം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി കൊളംബിയന്‍ ആരാധകര്‍. ഇതുമായി ബന്ധപ്പെട്ട് രണ്ടര ലക്ഷത്തോളം ആരാധകര്‍ ഒപ്പുവെച്ച പരാതിയുമായി ഫിഫയെ സമീപിക്കാനൊരുങ്ങുകയാണ് ആരാധകര്‍. റഫറിയാണ് ഇംഗ്ലണ്ടിന് ക്വാര്‍ട്ടറിലേക്ക് പ്രവേശനം നേടിക്കൊടുത്തതെന്ന മറഡോണയുടെ വാക്കുകള്‍ക്ക് പിന്നാലെയാണ് ആരാധകര്‍ പരാതിയുമായി മുന്നോട്ടുവന്നത്.

മത്സരത്തില്‍ റഫറിയെടുത്ത പല തീരുമാനങ്ങളും കൊളംബിയന്‍ ടീമിനെതിരായിരുന്നുവെന്നും അയാള്‍ പൂര്‍ണ്ണമായും ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിലകൊണ്ടെന്നും ആരാധകര്‍ ആരോപിക്കുന്നു. ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിലനിന്ന റഫറിയുടെ നീക്കങ്ങള്‍ പുനഃപരിശോധിച്ച നീതി നടപ്പിലാക്കണം എന്നാണ് കൊളംബിയന്‍ ആരാധകരുടെ ആവശ്യം.

ഹാരി കെയിന്‍ എടുത്ത പെനാല്‍ട്ടിയാണ് കൊളംബിയന്‍ ആരാധകര്‍ പ്രധാനമായും പരിശോധിക്കണമെന്ന് ആവശ്യമുന്നയിക്കുന്നത്. പെനാല്‍ട്ടി ലഭിക്കാനായി ഹാരി മനഃപൂര്‍വ്വം വീണതാണെന്നും ഇത് റഫറി കണ്ട ഭാവം നടിച്ചില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ കൊളംബിയയുടെ കാര്‍ലോസ് ബെക്ക നേടിയ നിര്‍ണായക ഗോള്‍, മൈതാനിയില്‍ മറ്റൊരു പന്ത് ഉള്ളതിനാല്‍ റഫറി അനുവദിച്ചിരുന്നില്ല. ഇതും പുനഃപരിശോധിക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടു. ആറ് കൊളംബിയന്‍ താരങ്ങള്‍ക്ക് പ്രീക്വാര്‍ട്ടറില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. ഇതോടെ കൊളംബിയന്‍ താരങ്ങളും റഫറിയും തമ്മില്‍ മത്സരത്തില്‍ ഉടനീളം വാക്കേറ്റമുണ്ടാവുകയും ചെയ്തു.

Top