രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവായതു തലനാരിഴക്ക്

ബംഗഌര്‍: ബംഗളൂരു വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്നതിനു പിന്നാലെ, രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവായതു തലനാരിഴയ്‌ക്കെന്ന് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അധികൃതര്‍ അറിയിച്ചു. ജനുവരി 9നു ടേക്ക് ഓഫിനു പിന്നാലെയാണു സംഭവമെന്നും ഇക്കാര്യം രേഖകളില്‍ പെടുത്തിയിട്ടില്ലെന്നും എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു മുന്‍പാകെ ബോധിപ്പിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

എന്നാല്‍, സംഭവം പരിശോധിച്ചു വരികയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ഡിജിസിഎ മേധാവി അരുണ്‍ കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു. ഇതേക്കുറിച്ചുള്ള പ്രതികരണത്തിന് ഇന്‍ഡിഗോ അധികൃതര്‍ തയാറായിട്ടില്ല. ബെംഗളൂരു കൊല്‍ക്കത്ത 6ഇ455 വിമാനവും, ബെംഗളൂരു ഭുവനേശ്വര്‍ 6ഇ246 വിമാനവുമാണു ‘ബ്രീച്ച് ഓഫ് സെപ്പറേഷന്‍’ മറികടന്നതെന്നു ഡിജിസിഎ അധികൃതര്‍ അറിയിച്ചു.

ജനുവരി 9ന്, 5 മിനിറ്റിന്റെ വ്യത്യാസത്തിനിടെയാണ് ഇരു വിമാനങ്ങളും ബെംഗളൂരുവില്‍നിന്നു പറന്നുയര്‍ന്നത്. ‘ടേക്ക് ഓഫിനു ശേഷം ഇരു വിമാനങ്ങളും ഒരേ ദിശയിലാണു സഞ്ചരിച്ചത്. ഗതി മാറി സഞ്ചരിക്കാനുള്ള നിര്‍ദേശം അപ്രോച്ച് റഡാര്‍ നല്‍കിയതോടെയാണു കൂട്ടിയിടി ഒഴിവായതെന്നും അധികൃതര്‍ അറിയിച്ചു.

Top