മത്സ്യബന്ധന വള്ളങ്ങൾ തമ്മിൽ ഇടിച്ച് അപകടം; തോട്ടപ്പള്ളിയിൽ ഒരാളെ കാണാതായി

ഹരിപ്പാട് : മത്സ്യബന്ധന വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. മൂന്ന് പേർക്ക് പരിക്കേറ്റു. അഴീക്കൽ നിന്നും കടലിൽ മത്സ്യബന്ധനത്തിനു പോയ മകരമത്സ്യം വള്ളത്തിലെ തൊഴിലാളിയായ അഴീക്കൽ വലിയ വീട്ടിൽ നമശിവായം മകൻ സാലി വാഹനനെയാണ് (കണ്ണൻ – 57) കാണാതായത്.

ഇന്ന് പുലർച്ചെ 5.45 ന് തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്തിന് ആറ് നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം. മകരമത്സ്യം വെള്ളത്തിന്റെ മുക്കുംപുഴ എന്നു പേരുള്ള കരിയർ വള്ളത്തിലായിരുന്നു സാലി വാഹനൻ. ഈ വെള്ളത്തിലേക്ക് തൃക്കുന്നപ്പുഴ സ്വദേശിയുടെ ധർമ്മശാസ്താവ് എന്ന ലൈലൻ്റ് വള്ളം വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വള്ളത്തിൽ ഘടിപ്പിച്ചിരുന്ന ഇരുമ്പ് പൈപ്പ് തെറിച്ച് തലക്ക് വന്നടിച്ചതിനെ തുടർന്ന് കടലിലേക്ക് വീണെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

മകരമത്സ്യം എന്ന് പേരുള്ള രണ്ടാമത്തെ കരിയർ വള്ളത്തിലും ധർമശാസ്താവ് വള്ളം ഇടിച്ചു. കാരിയർ വെള്ളത്തിലെ തൊഴിലാളികളും അഴീക്കൽ സ്വദേശികളുമായ സുബ്രഹ്മണ്യൻ (50) ജാക്സൺ (41) ഔസേപ്പ് (58) എന്നിവർക്ക് പരിക്കേറ്റു . ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പരിക്ക് ഗുരുതരമല്ല. തോട്ടപ്പള്ളി കോസ്റ്റൽ പൊലീസും നാവികസേനയും ചേർന്ന് ഇന്ന് വൈകുന്നേരം ആറു വരെ കണ്ണനെ കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

Top