കേരള ഹൈക്കോടതിയിലേക്ക് 8 പുതിയ ജഡ്ജിമാരെ ശുപാര്‍ശ ചെയ്ത് കൊളീജിയം

kerala hc

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിലേക്ക് 8 പുതിയ ജഡ്ജിമാരെ ശുപാര്‍ശ ചെയ്ത് സുപ്രീംകോടതി കൊളീജിയം. 4 അഭിഭാഷകരെയും 4 ജുഡീഷ്യല്‍ ഓഫിസര്‍മാരെയുമാണ് ശുപാര്‍ശ ചെയ്തത്. അഭിഭാഷകരായ ശോഭ അന്നമ്മ ഈപ്പന്‍, കെ.സഞ്ജിത, ബസന്ത് ബാലാജി, അരവിന്ദ കുമാര്‍ ബാബു എന്നിവരെയും ജുഡീഷ്യല്‍ ഓഫിസര്‍മാരായ സി.ജയചന്ദ്രന്‍, സോഫി തോമസ്, പി.ജി.അജിത് കുമാര്‍, സി.എസ്.സുധ എന്നിവരെയുമാണ് ശുപാര്‍ശ ചെയ്തത്. കേരളത്തില്‍ ആകെയുള്ള 10 ഒഴിവുകളിലേയ്ക്കാണ് 8 പേരുടെ ശുപാര്‍ശ.

മിസോറാമില്‍ നിന്നുള്ള പിന്നാക്ക വിഭാഗത്തിലെ വനിതയെ ഗുവാഹത്തി ഹൈക്കോടതി ജഡ്ജി പദത്തിലേയ്ക്കു ശുപാര്‍ശ ചെയ്തതാണ് കൊളീജിയം സ്വീകരിച്ച ചരിത്രപരമായ തീരുമാനങ്ങളിലൊന്ന്. ഗുവാഹത്തിയില്‍ നിന്നുള്ള ആദ്യ ഹൈക്കോടതി ജഡ്ജിയും, ആദ്യ വനിതാ ജഡ്ജിയും കൂടിയാകും ഇവര്‍. നിലവില്‍ ഐസ്വാള്‍ ജില്ലാ ജഡ്ജിയാണ്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നു നിയമ ബിരുദം പൂര്‍ത്തിയാക്കിയ ഇവര്‍ മിസോറം ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിക്കും മുന്‍പ് ജെഎന്‍യുവില്‍ നിന്ന് എംഫില്‍ പൂര്‍ത്തിയാക്കി.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കൊളീജിയം 12 ഹൈക്കോടതികളിലേയ്ക്കായി 68 പേരെയാണ് ജഡ്ജി പദത്തിലേയ്ക്കു ശുപാര്‍ശ ചെയ്തത്. ഓഗസ്റ്റിലും ഈ മാസം ആദ്യവും നടന്ന യോഗങ്ങളില്‍ 112 പേരുകളാണ് അഭിഭാഷകരില്‍ നിന്നും ജുഡീഷ്യല്‍ ഓഫിസര്‍മാരില്‍ നിന്നുമായി കൊളീജിയം പരിഗണിച്ചത്. ഇപ്പോള്‍ ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നവരില്‍ 44 പേര്‍ മുതിര്‍ന്ന അഭിഭാഷകരും 24 പേര്‍ ജുഡീഷ്യല്‍ സര്‍വീസില്‍ ഉള്ളവരുമാണ്.

കൊളീജിയം 9 പേരെ സുപ്രീം കോടതി ബെഞ്ചിലേയ്ക്കും ശുപാര്‍ശ ചെയ്തു. അലഹാബാദ് ഹൈക്കോടതിയിലേക്ക് 13 അഭിഭാഷകരെ ശുപാര്‍ശ ചെയ്തിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയിലേയ്ക്ക് നാലും രാജസ്ഥാന്‍ ഹൈക്കോടതിയിലേയ്ക്ക് മൂന്നും കൊല്‍ക്കത്ത ഹൈക്കോടതിയിലേയ്ക്ക് രണ്ടും അഭിഭാഷകരെ ശുപാര്‍ശ ചെയ്തു.

 

Top