ഹിജാബ് വിലക്കിയതില്‍ പ്രതിഷേധിച്ച് കോളേജ് അദ്ധ്യാപിക രാജിവച്ചു

ബംഗഌര്‍: കോളേജില്‍ പ്രവേശിക്കാന്‍ ഹിജാബ് അഴിക്കണമെന്നാവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് ജോലി രാജിവച്ച് കര്‍ണാടകയിലെ കോളേജ് അധ്യാപിക. ടുംകൂറിലെ ജെയിന്‍ പിയു കോളജിലെ ഗസ്റ്റ് അധ്യാപികയായ ചാന്ദിനിയാണ് രാജിക്കത്ത് നല്‍കികൊണ്ട് പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി താനിവിടെ ജോലി ചെയ്യുകയാണ്. തനിക്കിതുവരെ ഇത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ല. എന്നാല്‍ ആദ്യമായി തന്നോട് ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെട്ടു. പഠിപ്പിക്കുന്ന സമയം മതപരമായ ഒരു വസ്ത്രവും ധരിക്കരുതെന്നും ഹിജാബ് അഴിക്കണമെന്നുമാണ് പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ടത്. ഇത് തന്റെ ആത്മാഭിമാനത്തിനേറ്റ പ്രഹരമാണ്. അതുകൊണ്ടാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് ചാന്ദിനി മാധ്യമങ്ങളോട് പറഞ്ഞു.

മതവിശ്വാസം ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. അത് നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ഇത്തരം ജനാധിപത്യവിരുദ്ധമായ നടപടിയെ താന്‍ അപലപിക്കുന്നുവെന്നുമായിരുന്നു ചാന്ദിനി രാജിക്കത്തില്‍ പറഞ്ഞത്.

അതേസമയം മാനേജ്‌മെന്റിന്റെയോ തന്റെയോ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു നടപടിയുണ്ടായിട്ടില്ലെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു. ആരും അധ്യാപികയോട് ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു പ്രിന്‍സിപ്പല്‍ കെ ടി മഞ്ജുനാഥിന്റെ പ്രതികരണം.

 

Top