ഒരു ആനപ്പുറത്ത് പൂരം നടത്താന്‍ അനുമതി നല്‍കണമെന്ന ആവശ്യം തള്ളി ജില്ലാ കളക്ടര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ ഒരു ആനപ്പുറത്ത് നടത്താന്‍ അനുമതി നല്‍കണമെന്ന പാറമേക്കാവ് ദേവസ്വത്തിന്റെ ആവശ്യം ജില്ലാ കളക്ടര്‍ തള്ളി. അഞ്ച് ആളുകളെ മാത്രം ഉപയോഗിച്ച് ഒരാനപ്പുറത്ത് പൂരം നടത്തണമെന്ന ആവശ്യമാണ് തള്ളിയത്.കൊവിഡ് മുക്തമായ ജില്ല എന്ന പരിഗണനയുടെ പുറത്ത് ഇളവ് വേണമെന്നായിരുന്നു ദേവസ്വത്തിന്റെ നിലപാട്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ അടക്കം കര്‍ശന നിബന്ധനകള്‍ നിലനില്‍ക്കെ തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്താനാണ് തീരുമാനം.
അഞ്ച് ആളുകളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു ക്ഷേത്രത്തിനകത്ത് കൊടിയേറ്റ് നടന്നത്.

പൂരം പൂര്‍ണമായി ഒഴിവാക്കാന്‍ മന്ത്രിതലത്തില്‍ ദേവസ്വം ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ നേരത്തെ തീരുമാനമായിരുന്നു. എന്നാല്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ക്ഷേത്രത്തില്‍ കൊടിയേറ്റ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അഞ്ചാളുകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ആനപ്പുറത്ത് പൂരദിനത്തില്‍ എഴുന്നള്ളിപ്പ് നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പാറമേക്കാവ് ദേവസ്വം അപേക്ഷ നല്‍കിയത്.

Top