വിവാദ നായികയായി പത്തനംതിട്ട കളക്ടർ, ജനങ്ങളുടെ കയ്യടി നേടിയത് ആലപ്പുഴ കളക്ടർ

കേരളത്തിലെ രണ്ട് കളക്ടർമാർ ഇപ്പോൾ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഒരാൾ സ്വന്തം കുട്ടിയെ പൊതുവേദിയിൽ കൊണ്ടുവന്ന് നടത്തിയ സ്നേഹ പ്രകടനമാണ് വൈറലായതെങ്കിൽ മറ്റൊരാൾ പാവപ്പെട്ട ഒരു പെൺകുട്ടിക്ക് അവൾ ആഗ്രഹിച്ച വിദ്യാഭ്യാസം സാധ്യമാക്കിയാണ് ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ഇതിൽ പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യരുടെ ‘പ്രകടനം ‘കടൽ കടന്നും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. പ്രമുഖ അന്തർദേശീയ മാധ്യമമായ ബി.ബി.സിയിൽ വരെ ഈ സംഭവം വാർത്തയായി കഴിഞ്ഞു. “കയ്യിൽ കുട്ടിയുമായി ഒരു ഇന്ത്യൻ ഉദ്യോഗസ്ഥ നടത്തിയ പ്രസംഗം വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നതെന്നാണ് ” ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നത്.

ബി.ബി.സിയിലെ നിരവധി സഹപ്രവർത്തകർ അവരുടെ കുട്ടികളെ ഓഫീസിലേക്ക് കൊണ്ടു വരുന്ന കാര്യമൊക്കെ ചൂണ്ടിക്കാട്ടി വലിയ പിന്തുണയാണ് ബി.ബി.സി ലേഖിക പത്തനംതിട്ട കളക്ടർക്ക് നൽകിയിരിക്കുന്നത്. അമേരിക്കയും കാനഡയും പോലെയുള്ള രാജ്യങ്ങളിൽ കുട്ടികളെ ജോലിക്കു കൊണ്ടുവരാൻ മതാപിതാക്കളെ പോത്സാഹിപ്പിക്കുന്ന ഒരു ദേശീയദിനം പോലും ഉണ്ടെന്ന കാര്യവും ബി.ബി.സി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിവര സാങ്കേതിക വിദ്യ ഏറ്റവും അധികം പ്രയോജനപ്പെടുത്തുന്ന രാജ്യങ്ങളുമായാണ് ഇപ്പോഴും പൊടിപിടിച്ച ഫയലുകളിൽ അഭയം പ്രാപിക്കേണ്ടി വരുന്ന സംസ്ഥാനത്തെ ബി.ബി.സി ലേഖിക താരതമ്യം ചെയ്തിരിക്കുന്നത്. ജോലി ഇടത്തിൽ തന്റെ മകനെ കൊണ്ടു പോയ ആദ്യത്തെ സംഭവം ഇതല്ലന്ന് ദിവ്യ എസ് നായർ തന്നോട് പറഞ്ഞതായും ബി.ബി.സി ലേഖിക വ്യക്തമാക്കിയിട്ടുണ്ട്. അതായത് ദിവ്യ എസ് അയ്യരെന്ന പത്തനംതിട്ട കളക്ടർ ബി.ബി.സി ലേഖികക്ക് നൽകിയ വിവരമാണ് വാർത്തയായി അന്തർദേശീയ തലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തം.

എത്രയോ പ്രഗൽഭരായ ഐ.എ. എസുകാർ പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. അവരെല്ലാവരും ദിവ്യ എസ് അയ്യർ ചെയ്തതുപോലെ കുട്ടികളെയും ഔദ്യോഗിക പരിപാടികൾക്കൊപ്പം കൂട്ടാൻ തീരുമാനിച്ചാൽ എന്താകും അവസ്ഥ എന്നതും നാം ചിന്തിക്കേണ്ട വിഷയമാണ്. ഉള്ള സമയം തന്നെ തികയാത്ത അവസ്ഥയാണ് ഉദ്യോഗസ്ഥർക്കുള്ളത്.

ഐ.എ. എസുകാരേക്കാൾ ജോലിഭാരമുള്ള നിരവധി തസ്തികകൾ ജില്ലകളിൽ തന്നെയുണ്ട്. അവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കളക്ടറെ പോലെ ഔദ്യോഗിക വസതിയോ സുരക്ഷാ ജീവനക്കാരോ ഔദ്യോഗിക വാഹനമോ ഒന്നുമില്ല. കുട്ടികളെ മാത്രമല്ല പ്രായമായ മാതാപിതാക്കളെ പോലും വേണ്ടവിധം നോക്കാൻ കഴിയാത്ത വിഷമം ഉള്ളിൽ വച്ച് ജോലിക്കെത്തുന്ന സർക്കാർ ജീവനക്കാരാൽ സമ്പന്നമായ നാടാണിത്. ബി.ബി.സി ലേഖികക്കു മുന്നിൽ ‘മനസ്സു തുറക്കുന്നതിനു’ മുൻപ് പത്തനംതിട്ട കളക്ടർ ഇക്കാര്യം ഓർത്തില്ലന്നതാണ് യാഥാർത്ഥ്യം.

വനിതാ കളക്ടർമാരും വനിതാ എസ് പി മാരും നിരവധിയുള്ള സംസ്ഥാനമാണിത്. അവരിൽ പലർക്കുമുണ്ട് കൊച്ചു കുട്ടികൾ ഇവർക്കൊന്നും ഇല്ലാത്ത എന്ത് തിരക്കാണ് സംസ്ഥാനത്തെ ഏറ്റവും ചെറിയ ജില്ലകളിൽ ഒന്നായ പത്തനംതിട്ട കളക്ടർക്ക് ഉള്ളതെന്ന ചോദ്യവും ദിവ്യ എസ് അയ്യർ ഇപ്പോൾ നേരിടുന്നുണ്ട്. കുട്ടികൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ദിവ്യ എസ് അയ്യർക്കു മാത്രമല്ല അമ്മമാരായ മറ്റു സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർക്കും ആഗ്രഹം കാണും.

അവർ ഔദ്യോഗിക തിരക്കുകൾക്കിടയിൽ അതിന് തയ്യാറാകാത്തത് ഔദ്യോഗിക ജോലിക്ക് അത് തടസ്സമാകുമെന്ന് കണ്ടതു കൊണ്ട് മാത്രമാണ്. ദിവ്യ എസ് അയ്യർക്ക് ജോലിയിടത്തിൽ കുട്ടിയെ കൊണ്ടുവരാമെങ്കിൽ സംസ്ഥാനത്തെ അമ്മമാരായ മുഴുവൻ സർക്കാർ ജീവനക്കാർക്കും അതിന് അവകാശമുണ്ടെന്നാണ് ഒരു വിഭാഗം തുറന്നടിച്ചിരിക്കുന്നത്.

ആറാമത് അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന വേദിയിലാണ് കളക്ടര്‍ കുഞ്ഞുമായി എത്തിയിരുന്നത്. കളക്ടര്‍ തീരെ ഔചിത്യമില്ലാതെ ഒരു തമാശക്കളിയായാണ് ഈ പരിപാടിയെ കണ്ടതെന്ന വിമർശനം അന്നു തന്നെ ഉയർന്നിരുന്നു. “ഇതവരുടെ വീട്ടുപരിപാടിയല്ലന്നും ഓവറാക്കി ചളമാക്കിയെന്നുമാണ്” ഗാനരചയിതാവ് രാജീവ് ആലുങ്കൽ പ്രതികരിച്ചിരുന്നത്. ചിറ്റയം ഗോപകുമാറും കളക്ടറുടെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തുകയുണ്ടായി. തുടർന്ന് ഈ വിമർശനങ്ങൾക്ക് മറുപടി പറഞ്ഞിരുന്നത് കളക്ടറുടെ ഭർത്താവ് ശബരീനാഥനായിരുന്നു.

ദിവ്യ എസ് അയ്യർ ഇങ്ങനെ കുട്ടിയുടെ സാന്നിധ്യത്തിലൂടെ വാർത്താതാരമായി മാറിയപ്പോൾ ഒരു പെൺകുട്ടിക്ക് പഠിക്കാനുള സാഹചര്യം ഒരുക്കി നൽകിയാണ് ആലപ്പുഴ കളക്ടർ കൃഷ്ണ തേജ വ്യത്യസ്തനായിരിക്കുന്നത്. പ്ലസ് ടുവിന് ശേഷം തുടർപഠനം വഴിമുട്ടി നിന്ന ആലപ്പുഴ സ്വദേശിയായ വിദ്യാർത്ഥിനിയുടെ മുഴുവൻ വിദ്യാഭ്യാസ ചെലവുമാണ് കളക്ടറുടെ അഭ്യർത്ഥന പ്രകാരം നടൻ അല്ലു അർജുൻ ഏറ്റെടുത്തിരിക്കുന്നത്.

പ്ലസ്ടു 92 ശതമാനം മാര്‍ക്കോടെ വിജയിച്ചിട്ടും തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാത്തതിലുള്ള സങ്കടവുമായി തന്നെ കാണാൻ എത്തിയ കുട്ടിയെയാണ് കൃഷ്ണ തേജ സഹായിച്ചിരിക്കുന്നത്. കുട്ടിയുടെ പിതാവ് 2021-ല്‍ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് തുടർ പഠനം വഴിമുട്ടിയിരുന്നത്. നഴ്സ് ആകാനായിരുന്നു പെൺകുട്ടിയുടെ ആഗ്രഹം.

ഇതറിഞ്ഞ കളക്ടർ കറ്റാനം സെന്റ് തോമസ് നഴ്സിംഗ് കോളേജില്‍ അവൾക്ക് സീറ്റ് തരപ്പെടുത്തി കൊടുക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് നാല് വര്‍ഷത്തെ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി സുഹൃത്തുകൂടിയായ തെലുങ്കു നടൻ അല്ലു അർജുനെ സമീപിക്കുകയാണ് ഉണ്ടായത്. തുടർന്ന് നാല് വർഷത്തേക്കുമുള്ള ഹോസ്റ്റൽ ഫീ അടക്കമുള്ള മുഴുവൻ പഠന ചെലവുമാണ് സൂപ്പർ താരം ഏറ്റെടുത്തിരിക്കുന്നത്. അടുത്തടുത്ത ദിവസങ്ങളിൽ വാർത്തകളിൽ ഇടംപിടിച്ച രണ്ട് കളക്ടർമാരുടെ വ്യത്യസ്ത പ്രവർത്തന രീതികളാണിത്. ഏതാണ് ശരിയെന്നത് ജനങ്ങളാണ് ഇനി വിലയിരുത്തേണ്ടത്.

EXPRESS KERALA VIEW

Top