കോവിഡ് 19 ബാധിതര്‍ ചികിത്സക്കെത്തിയ ക്ലിനിക് കലക്ടര്‍ നേരിട്ടെത്തി പൂട്ടിച്ചു

ചെങ്ങളം: കോവിഡ് 19 ബാധിതര്‍ ചികിത്സക്കെത്തിയ കോട്ടയത്തെ ക്ലിനിക് പൂട്ടിച്ചു. ചെങ്ങളം തിരുവാതുക്കലിലെ ക്ലിനിക്കാണ് പൂട്ടിച്ചത്. ക്ലിനിക് പൂട്ടാന്‍ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പാലിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ്
കലക്ടര്‍ നേരിട്ടെത്തി ക്ലിനിക് പൂട്ടിച്ചത്.

ഇറ്റലിയില്‍ നിന്ന് വന്ന ചെങ്ങളം സ്വദേശികളുടെ മകളും മരുമകനും തിരുവാതുക്കലിലെ ക്ലിനിക്കില്‍ നിന്ന് പനിക്കുള്ള ചികിത്സ തേടിയിരുന്നു. വിവരം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ക്ലിനിക്ക് അടച്ചുപൂട്ടാന്‍ കളക്ടര്‍ ഉത്തരവിടുകയായിരുന്നു.

ചൊവ്വാഴ്ചയാണ് ചെങ്ങളം സ്വദേശികളായ രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇവര്‍ നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 23 പേരെ നേരത്തെ കണ്ടെത്തിയിരുന്നു. ഇവരെ പ്രത്യേകം നിരീക്ഷിച്ച് വരികയാണ്. ഇവര്‍ക്കാവശ്യമായ ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ നല്‍കുന്നതിനായി ഏഴംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Top