കളട്കര്‍ എല്‍ഡിഎഫ് കണ്‍വീനറെ പോലെ പെരുമാറുന്നു; ടി എന്‍ പ്രതാപന്‍

തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏഴ് മണിക്ക് മുന്‍പ് മന്ത്രി എ സി മൊയ്തീന്‍ വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണത്തിലുറച്ച് കോണ്‍ഗ്രസ്. മന്ത്രി നടത്തിയത് അധികാര ദുര്‍വിനിയോഗമാണെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ടി എന്‍ പ്രതാപന്‍ എംപി പറഞ്ഞു. മന്ത്രിയെ രക്ഷിക്കാന്‍ കളക്ടര്‍ പച്ചക്കള്ളം പറയുകയാണ്. ചുമതലകളില്‍ നിന്ന് കളക്ടറെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കളക്ടര്‍ എല്‍ഡിഎഫ് കണ്‍വീനറെ പോലെ പെരുമാറുന്നുവെന്നും ടി എന്‍ പ്രതാപന്‍ വിമര്‍ശിച്ചു. ഈ കളക്ടര്‍ കൗണ്ടിംഗിന് നേതൃത്വം നല്‍കിയാല്‍ ഗുരുതരമായ ക്രമക്കേട് ഉണ്ടാകുമെന്നും അതിനാല്‍ കളക്ടറെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയധികം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ചാണ് 6.55 ന് മന്ത്രി വോട്ട് ചെയ്തത്. വോട്ട് മെഷീനിലും ഇത് വ്യക്തമാണ്.

നേരത്തെ വോട്ട് ചെയ്‌തെന്ന് മന്ത്രി തന്നെ സമ്മതിച്ചിട്ടുമുണ്ട്. എന്നിട്ടും കളക്ടര്‍ സത്യം മറച്ചുവെക്കുകയാണ്. മാധ്യമങ്ങളുടെ ക്യാമറ പരിശോധിക്കണം എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. മന്ത്രിയുടെ വോട്ട് റദ്ദാക്കണം എന്ന് കമ്മീഷണനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top