പാലാരിവട്ടം അപകടം; മജിസ്റ്റീരിയൽ അന്വേഷണത്തിന് കളക്ടറുടെ ഉത്തരവ്

കൊച്ചി : പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. അഡീ. ജില്ലാ മജിസ്ട്രേറ്റ് കെ ചന്ദ്രശേഖരൻ നായർക്കാണ് അന്വേഷണ ചുമതല.

സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. പിഡബ്ലുഡി, ജല അതോറിറ്റി എന്നിവരോട് കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. പൈപ്പ് ലൈനിലെ ചോർച്ച പരിഹരിച്ച് റോഡ് അടിയന്തരമായി പൂർവ സ്ഥിതിയിലാക്കാനും വകുപ്പുകൾക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

ഈ അപകടം നടക്കാന്‍ പാടില്ലായിരുന്നെന്നും ദൗര്‍ഭാഗ്യകരമാണെന്നും പി.ടി തോമസ് എംഎല്‍എ പ്രതികരിച്ചു. ഇന്ന് രാത്രിയില്‍ തന്നെ കുഴിയടയ്ക്കാനുള്ള നടപടിയെടുത്തില്ലെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ചുകൂട്ടും. മാത്രമല്ല കുഴി അടയ്ക്കണമെന്ന് നിരവധി തവണ അധികൃതര്‍ക്ക് താക്കീത് നല്‍കിയതാണെന്ന് കൊച്ചി മേയറും പ്രതികരിച്ചിരുന്നു.

പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം പൈപ്പ് പൊട്ടി റോഡിലുണ്ടായ കുഴിയിൽ വീണാണ് യുവാവ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. ഇരുചക്രവാഹനത്തില്‍ പോകുകയായിരുന്ന യദു കുഴിക്ക് സമീപം അശാസ്ത്രീയമായി വെച്ചിരുന്ന ബോര്‍ഡില്‍ തട്ടി റോഡിലേക്ക് തെറിച്ച് വീഴുകയും തൊട്ടുപിന്നാലെയെത്തിയ ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നാണ് പാലാരിവട്ടത്തെ അപകടം നടന്നത്.മുമ്പ് ചെറിയ കുഴിയായിരുന്നു ഇവിടെ രൂപപ്പെട്ടത്. എട്ടുമാസം കൊണ്ട് ഒരടിയിലേറെ താഴ്ചയുള്ള അവസ്ഥയിലേക്ക്കുഴിയുടെ രൂപം മാറി. എന്നാല്‍ ഇത്രയും കാലമെടുത്തിട്ടും കുഴി അടയ്ക്കുന്നതിനുള്ള യാതൊരു നടപടിയും വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായില്ല. കുഴിയുണ്ടെന്ന് അറിയിക്കാനായി അശാസ്ത്രീയമായി വെച്ച ബോര്‍ഡാണ് ഇപ്പോള്‍ അപകടത്തിന് കാരണമായത്.

Top