പിരിച്ച ആവേശം വിനിയോഗത്തിലും ഉണ്ടാകണം; മുസ്ലിം ലീഗിനെതിരെ കെ.ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്

മുസ്ലിം ലീഗിനെതിരെ കെ.ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്. ദേശീയ ആസ്ഥാന മന്ദിരത്തിന്റെ ഫണ്ട് വിനിയോഗിക്കുന്ന കാര്യത്തിലും പിരിച്ച അതേ ആവേശമുണ്ടാകണം. പിരിവുകള്‍ നടന്ന ഘട്ടത്തിലെല്ലാം വിവാദങ്ങളും ലീഗിനെ തേടിയെത്തിയിട്ടുണ്ട്. ഖാഇദേ മില്ലത്ത് സൗധത്തിന് പിരിച്ച ഫണ്ടും മറ്റു ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കരുതെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴി പണം സ്വരൂപിച്ച പോലെ അതിന്റെ വിനിയോഗവും ഓണ്‍ലൈന്‍ വഴി പണം തന്നവരെ ഇതേ ആവേശത്തോടെ അറിയിക്കാന്‍ ലീഗിന് ബാദ്ധ്യതയുണ്ട്. ഒലീഗില്‍ വിശ്വാസമര്‍പ്പിച്ച ഒരു സമൂഹത്തിന്റെ സ്വപ്ന സാക്ഷാല്‍ക്കാരത്തിലേക്കുള്ള വിയര്‍പ്പുതുള്ളിയുടെ വിലയാണ് സംഭാവനകളായി ഒഴുകിയെത്തിയതെന്നും ജലീല്‍ വ്യക്തമാക്കി.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പിരിച്ച ആവേശം വിനിയോഗത്തിലും ഉണ്ടാകണം! ഡല്‍ഹിയില്‍ ഖാഇദെമില്ലത്ത് സൗധം പണിയാന്‍ 25 കോടി ടാര്‍ജറ്റിട്ട് 27 കോടിയായ ആവേശത്തിലാണ് മുസ്ലിംലീഗ്. പിരിവുകള്‍ നടന്ന ഘട്ടങ്ങളിലെല്ലാം വിവാദങ്ങളും ലീഗിനെ തേടിയെത്തിയിട്ടുണ്ട്. ഗുജറാത്ത് ഫണ്ട്, സുനാമി ഫണ്ട്, കത്വ- ഉന്നാവോ ഫണ്ട്….. അങ്ങിനെ പലതും. ഓണ്‍ലൈന്‍വഴി തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച പോലെ നടത്തിയ വിജയാഹ്ലാദം ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിലും ലീഗ് കാണിക്കണം.

കത്വ-ഉന്നാവോ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ഇഡിയില്‍ ഒരു കേസ് പോലും നിലവിലുണ്ട്. കുന്നമംഗലം പോലീസ് സ്റ്റേഷനിലും കുന്ദമംഗലം കോടതിയിലും കേസുകളുണ്ട്. അതില്‍ നിന്ന് മുഖം രക്ഷിക്കാന്‍ യൂത്ത്‌ലീഗ് ദേശീയ നേതാവിന്റെ രാജിക്കത്ത് ലീഗ് നേതൃത്വം വാങ്ങിയതും ആരും മറന്നു കാണില്ല. അതിലെ രണ്ട് പ്രധാന പ്രതികള്‍ തന്നെയാണ് തെരഞ്ഞെടുപ്പ് കാലത്തെ കമന്റെറി പോലെ ഓണ്‍ലൈന്‍ പിരിവിന്റെ ഫലസൂചിക മാലോകരെ അറിയിച്ചതെന്നത് ശുഭകരമല്ല. അത്തരക്കാരെ പൈസയുടെ നാലയലത്ത് പോലും അടുപ്പിക്കാതെ നേതൃത്വം നോക്കിയാല്‍ നന്ന്. പണവും അവരും കൂടി കണ്ടാല്‍ കാന്തവും ഇരുമ്പും കണ്ടപോലെയാണ്.

ഗുജറാത്ത്-സുനാമി ഫണ്ടുകളുടെ വിനിയോഗത്തില്‍ സംഭവിച്ച വീഴ്ച ഖാഇദെ മില്ലത്ത് സൗധത്തിന്റെ കാര്യത്തില്‍ ഉണ്ടാവരുത്. അവ ചോദ്യം ചെയ്തതാണല്ലോ ഈയുള്ളവന്റെ പുറത്താക്കലില്‍ കലാശിച്ചത്. പിരിക്കാന്‍ കാണിച്ച ആവേശം ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിലും ലീഗ് നേതൃത്വം കാണിക്കണം. ഓണ്‍ലൈന്‍ വഴി പണം സ്വരൂപിച്ച പോലെ അതിന്റെ വിനിയോഗവും ഓണ്‍ലൈന്‍ വഴി പണം തന്നവരെ ഇതേ ആവേശത്തോടെ അറിയിക്കാന്‍ ലീഗിന് ബാദ്ധ്യതയുണ്ട്.

ഒരാവേശത്തിന് കിണറ്റിലേക്ക് എടുത്തു ചാടുന്നത് പോലെയാണ് ലീഗിന്റെ ധനശേഖരണം. പിന്നെ ആയിരം ആവേശം ഒപ്പം വന്നാലും കിണറ്റില്‍ നിന്ന് ചാടിയ പോലെ പുറത്ത് കടക്കാന്‍ ആര്‍ക്കും കഴിയാറില്ലല്ലോ ലീഗില്‍ വിശ്വാസമര്‍പ്പിച്ച ഒരു സമൂഹത്തിന്റെ സ്വപ്ന സാക്ഷാല്‍ക്കാരത്തിലേക്കുള്ള വിയര്‍പ്പുതുള്ളിയുടെ വിലയാണ് സംഭാവനകളായി ഒഴുകിയെത്തിയത്. ഇത് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് കടം വീട്ടാനും ചന്ദ്രികയുടെ നഷ്ടം നികത്താനും ഉപയോഗിച്ച് ഖാഇദെ മില്ലത്ത് സൗധം പാതി പണി തീര്‍ന്ന ഒരു പ്രേതരൂപമായി ഡല്‍ഹിയില്‍ നില്‍ക്കുന്ന അവസ്ഥ ഉണ്ടാകാതെ നോക്കണം. ലീഗ് പ്രവര്‍ത്തകര്‍ അത് പൊറുക്കില്ല.

Top