കോളേജ് സംഘര്‍ഷം; പ്രതികള്‍ ഉള്‍പ്പെട്ട പിഎസ്‌സി റാങ്ക് പട്ടികയില്‍ അപാകതയെന്ന്…

കൊച്ചി: യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന വധശ്രമക്കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട പിഎസ്‌സി റാങ്ക് പട്ടികയില്‍ അപാകതയുണ്ടെന്ന് കണ്ടെത്തി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. ട്രൈബ്യൂണല്‍ അന്തിമമായി എന്ത് തീരുമാനിക്കുന്നുവോ അതിന് അനുസരിച്ച് മാത്രമേ നിയമന നടപടികള്‍ പൂര്‍ത്തീകരിക്കാവൂ എന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

കെഎപി 4 ബറ്റാലിയന്‍ റിക്രൂട്ട്‌മെന്റ് ചോദ്യം ചെയ്ത് കോഴിക്കോട് സ്വദശികളായ പത്ത് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ട്രൈബ്യൂണലിന്റെ നടപടി. ശാരീരിക ക്ഷമത പരീക്ഷയില്‍ ക്രമക്കേട് നടന്നെന്നായിരുന്നു ഇവരുടെ പരാതി. ഇതിന്മേലാണ് ജൂലൈ അഞ്ചിന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമും പൊലീസ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടത് വിവാദമായിരുന്നു. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. അതിനിടെയാണ്, റാങ്ക് പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ കണ്ടെത്തിയിട്ടുണ്ടെന്ന വിവരം പുറത്തു വരുന്നത്.

Top