പിഎസ്ജി താരങ്ങളായ നെയ്മറും എംബാപ്പെയും തമ്മിൽ ശീതയുദ്ധം

സൂപ്പർ താരങ്ങളായ നെയ്മറും എംബാപ്പെയും തമ്മിൽ ശീതയുദ്ധം. ഫ്രഞ്ച് ക്ലബായ പാരിസ് സെൻ്റ് ജെർമനിലെ സഹതാരങ്ങളാണ് ഇരുവരും. ഈ സീസണിൽ കരാർ നീട്ടിയപ്പോൾ നെയ്‌മെറേക്കാൾ എംബപ്പെയ്ക്ക് ക്ലബിൽ കൂടുതൽ സ്വാധീനം നൽകിയിരുന്നു. ഇതിനു തുടർന്നാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങിയത്. ഇപ്പോൾ അത് കൂടുതൽ തീവ്രമായിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം മോണ്ട്‌പെലിയെറുമായുള്ള മത്സരത്തിനിടെ ആദ്യം ലഭിച്ച പെനൽറ്റി എംബാപ്പെ നഷ്ടപ്പെടുത്തി. രണ്ടാം പെനൽറ്റി വന്നപ്പോൾ നെയ്മറാണ് അതെടുക്കാൻ മുന്നോട്ടുവന്നത്. എന്നാൽ, എംബാപ്പെ നെയ്മറോട് മാറി തരാൻ ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ച നെയ്മർ അതിൽ ഗോൾ നേടുകയും ചെയ്തു.

പിന്നീട് ഇരുവരും തമ്മിൽ ഇതേച്ചൊല്ലി ഡ്രസിംഗ് റൂമിൽ വച്ച് തർക്കമുണ്ടായെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ മത്സരത്തിനു ശേഷം എംബാപ്പെയെ വിമർശിച്ചുള്ള ട്വീറ്റുകൾ നെയ്മർ ലൈക്ക് ചെയ്യുകയും ചെയ്തിരുന്നു. നെയ്മറെ വിൽക്കണമെന്ന് നേരത്തെ എംബാപ്പെ ക്ലബിനോട് ആവശ്യപ്പെട്ടിരുന്നു. ഇതും ഇരുവരും തമ്മിലുള്ള സ്വരച്ചേർച്ചക്ക് കാരണമായി.

Top