പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസിന്റെ ടീസര്‍ പുറത്തിറങ്ങി

പൃഥ്വിരാജും അദിതി ബാലനും ആദ്യമായി ഒന്നിക്കുന്ന കോള്‍ഡ് കേസ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആമസോണ്‍ പ്രൈം വിഡിയോ ആണ് തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ടീസര്‍ പുറത്തുവിട്ടത്. ഈ മാസം 30ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം സ്ട്രീം ചെയ്യും.

ഛായാഗ്രാഹകന്‍ തനു ബാലക് സംവിധായകാകുന്ന ആദ്യ ചിത്രമാണ് കോള്‍ഡ് കേസ്. അരുവി എന്ന ചിത്രത്തിലൂടെ പ്രശസ്തയായ അദിതി ബാലന്റെ മലയാള അരങ്ങേറ്റവും കൂടിയാണ് ചിത്രം.

ലക്ഷ്മിപ്രിയ, അലന്‍സിയര്‍ ലോപ്പസ്, അനില്‍ നെടുമങ്ങാട്, ആത്മീയ രാജന്‍, സുചിത്ര പിള്ള തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രം ഹൊറര്‍ ത്രില്ലര്‍ ആണെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനാഥ് വി നാഥ് ആണ് തിരക്കഥ.

Top