മോക്ഡ്രില്ലിനിടെ പെണ്‍കുട്ടി മരിച്ച സംഭവം: അഞ്ചു പേര്‍ പൊലീസ് കസ്റ്റഡിയില്‍

കോയമ്പത്തൂര്‍: ദുരന്തനിവാരണ പരിശീലനത്തിന്റെ ഭാഗമായുള്ള മോക്ഡ്രില്ലിനിടെ കോളജ് കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണു പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അഞ്ചു പേര്‍ പൊലീസ് കസ്റ്റഡിയില്‍. പരിശീലനത്തിനു നേതൃത്വം നല്‍കിയ അറുമുഖനുമായി ബന്ധമുള്ളവരാണു കസ്റ്റഡിയിലുള്ളത്.

ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. നേരത്തെ, അറസ്റ്റിലായ അറുമുഖനെ ഈ മാസം 27 വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിഎംഎ) വ്യാജ സര്‍ട്ടിഫിക്കറ്റാണ് അറുമുഖനുള്ളതെന്നു ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു.

ഭാരതിയാര്‍ സര്‍വകലാശാല ദുരന്തം നടന്ന കോളജിനോടു വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തനിവാരണ സേനയുമായി അറുമുഖനു ബന്ധമില്ലെന്നു സേനാ അധികൃതര്‍ സംഭവം നടന്നതിനു പിന്നാലെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ വിവിധ കോളജുകളിലായി അറുമുഖന്‍ 1,200 വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ടെന്നു കണ്ടെത്തി. വിദ്യാര്‍ഥികളില്‍നിന്ന് ഇതിനായി ഫീസും വാങ്ങിയിരുന്നു. കോളജില്‍ നടന്ന പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയായ എന്‍. ലോകേശ്വരിയാണ് മരിച്ചത്.

ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയുടെ പരിശീലകനെന്ന് അവകാശപ്പെട്ട ആര്‍. അറുമുഖന്‍ പെണ്‍കുട്ടിയെ രണ്ടാം നിലയുടെ മുകളില്‍നിന്നു താഴെ പിടിച്ചിരുന്ന വലയിലേക്കു ചാടാന്‍ നിര്‍ബന്ധിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പെണ്‍കുട്ടി മടിച്ചുനിന്നതോടെ ബലമായി പെണ്‍കുട്ടിയെ താഴേക്കു തള്ളിയിടുകയായിരുന്നു. അപ്രതീക്ഷിത വീഴ്ചയില്‍ ഒന്നാം നിലയുടെ സണ്‍ഷേഡില്‍ പെണ്‍കുട്ടിയുടെ തലയിടിച്ചു ഗുരുതരമായി പരിക്കേറ്റു. പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top