ഇന്ന് 82-ാം ജന്മദിനം; കെ.എസ്.ആര്‍.ടി.സിയെ തേടിയെത്തിയത് ദുരന്തവാര്‍ത്ത

ഷ്ടപ്രതാപത്തിനിടയിലും കേരളത്തിന്റെ പൊതു ഗതാഗത സര്‍വ്വീസായ കെ.എസ്.ആര്‍.ടി.സി ഇന്ന് 82ന്റെ നിറവിലാണ്. എന്നാല്‍ ജന്മദിനത്തില്‍ കെ.എസ്.ആര്‍.ടി.സിയെ തേടിയെത്തിയത് ഒരു ദുരന്ത വാര്‍ത്തയായിരുന്നു. 20 പേരുടെ ജീവനെടുത്ത ആ അപകട വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. കെ.എസ്.ആര്‍.ടി.സിയുടെ ചരിത്രത്തില്‍ സമീപ കാലത്തുണ്ടായ ഏറ്റവും വലിയ അപകടമാണ് അവനാശിയിലേത്. ജന്മദിനത്തില്‍ തന്നെയുണ്ടായ ഈ ദുരന്തം ആ സങ്കടം വര്‍ധിപ്പിക്കുന്നു.

1938 ഫെബ്രുവരി 20നാണ് ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ്, ‘ദ് സ്റ്റേറ്റ് മോട്ടോര്‍ സര്‍വീസി’ന് തുടക്കം കുറിക്കുന്നത്. മഹാരാജാവും ബന്ധുക്കളും യാത്ര ചെയ്തുകൊണ്ടായിരുന്നു തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റ് എന്ന ജനകീയ വണ്ടിപ്രസ്ഥാനം ഉരുണ്ടുതുടങ്ങിയത്.

ദ് സ്റ്റേറ്റ് മോട്ടോര്‍ സര്‍വീസിനു തുടക്കം കുറിച്ച ഫെബ്രുവരി 20 ബസ് ഡേ ആയാണ് ആചരിക്കുന്നത്. ആദ്യബസ് സ്റ്റാര്‍ട്ടായപ്പോള്‍ തുപ്പിയ ആ പുക ഒരു നാടിന്റെ വികസനമാറ്റത്തിന്റെ സൂചകമായിരുന്നു. ഫെബ്രുവരി 21 മുതല്‍ തിരുവനന്തപുരം-കന്യാകുമാരി റൂട്ടില്‍ ഈ ബസുകള്‍ സര്‍വീസ് ആരംഭിച്ചു.

തിരുവിതാംകൂറില്‍ തുടങ്ങിയ യാത്രാവിപ്ലവം കൊച്ചിയിലേക്കും മലബാറിലേക്കും വ്യാപിച്ചപ്പോഴേക്കും നാട്ടുരാജ്യങ്ങള്‍ അപ്രത്യക്ഷമായി, പകരം കേരളം വന്നു. കാലം മുന്നോട്ട് പാഞ്ഞപ്പോള്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബോര്‍ഡ് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി മാറി. കേരളത്തിലെമ്പാടും ഓട്ടം തുടങ്ങി.

ഈ അപകടത്തില്‍ പൊലിഞ്ഞത് കെ.എസ്.ആര്‍.ടി.സിയിലെ രണ്ട് നന്മ മരങ്ങള്‍ കൂടിയാണ്. ഇത് കെ.എസ്.ആര്‍.ടി.സിയുടെ ദുഖത്തിന്റെ ആഴം കൂട്ടുന്നു. ഡ്രൈവര്‍ ടി.ഡി. ഗിരീഷ്, കണ്ടക്ടര്‍ ബൈജു എന്നിവരാണ് അവിനാശി അപകടത്തില്‍ മരിച്ചത്. മികച്ച സേവനത്തിനുള്ള അംഗീകരം നേടിയവരാണ് ഇവര്‍.

തിരുപ്പൂര്‍ അവിനാശിയില്‍ വാഹനാപകടത്തില്‍ 19 പേരാണ് മരിച്ചത്. 25 പേര്‍ പരിക്കേറ്റിട്ടുണ്ട് ഇതിലെ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ടയര്‍ പൊട്ടി നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി കെഎസ്ആര്‍ടിസി വോള്‍വോ ബസിലിടിച്ചാണ് അപകടം. തമിഴ്‌നാട്ടിലേക്ക് ടൈല്‍സുമായി പോയ കണ്ടെയ്‌നര്‍ ലോറി ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ ശേഷം ബസില്‍ ഇടിച്ച് കയറുകയായിരുന്നു. പുലര്‍ച്ചെ മൂന്നേകാലോടെയുണ്ടായ അപകടത്തില്‍പ്പെട്ടത് ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുള്ള ബസാണ്. ബസ്സിന്റെ വലതുവശത്തിരുന്നവരാണ് മരിച്ചവരിലേറെയും.

Top