അവിനാശിയിലെ ദുരന്തം; അപകടകാരണം ടയറ് പൊട്ടിയതല്ല, ഡ്രൈവര്‍ ഉറങ്ങിയത്

കോയമ്പത്തൂര്‍: തിരുപ്പൂരിലെ അവിനാശിയില്‍ 20 പേരുടെ ജീവനെടുത്ത അപകടത്തിന് കാരണം ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. സ്ഥലത്ത് വിശദ പരിശോധ നടത്തിയ ശേഷമാണ് ലോറി ഡ്രൈവറുടെ കൈപ്പിഴയെന്ന നിഗമനത്തിലേയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് എത്തുന്നത്. പാലക്കാട് എന്‍ഫോഴ്‌സമെന്റ് ആര്‍ടിഒ തയ്യാറാക്കിയ റിപ്പോര്‍ട്ട് നാളെ ഗതാഗത കമ്മീഷണര്‍ക്ക് കൈമാറും.

ലോറിയുടെ ടയറുകള്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന വാദം തമിഴ്‌നാടിന്റെയും കേരളത്തിന്റെയും മോട്ടോര്‍ വാഹനവകുപ്പുകള്‍ നേരത്തെ തന്നെ തള്ളിയിരുന്നു. കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് ദേശീയപാതയുടെ ഡിവൈഡറിലൂടെ 50 മീറ്റര്‍ സഞ്ചരിച്ച ശേഷമാണ് എതിര്‍ ദിശയില്‍ വന്ന ബസിലിടിച്ചതെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു.

ലോറി ഡ്രൈവര്‍ ഉറക്കത്തിലേയ്ക്ക് വഴുതിയപ്പോള്‍ വാഹനം വലതുഭാഗത്തേക്ക് നീങ്ങുകയും തുടര്‍ന്ന് ഡിവൈഡറിലേക്ക് കയറുകയും ചെയ്തു. തുടര്‍ന്ന് ടയര്‍പൊട്ടി കണ്ടെയ്‌നര്‍ എതിര്‍വശത്തുളള ബസിലേക്ക് ഇടിച്ചുകയറി. ഇക്കാര്യങ്ങള്‍ വിശദമാക്കുന്ന രൂപരേഖകള്‍ സഹിതമാണ് എന്‍ഫോഴ്‌സ്‌മെന് റിപ്പോര്‍ട്ട്.

അതിനിടെ ലോറി ഡ്രൈവര്‍ ഹേമരാജിനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് ഈറോഡ് പൊലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഹേമരാജിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു.

ഹേമരാജ് അപകടത്തിന് പിന്നാലെ പൊലീസില്‍ കീഴടങ്ങിയിരുന്നു ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്നായിരുന്നു ഹേമരാജിന്റെ ആദ്യമൊഴി. താന്‍ ഒറ്റയ്ക്കാണ് വാഹനമോടിച്ചതെന്നും കൂടെ സഹായികളാരും ഇല്ലായിരുന്നെന്നും ഹേമരാജ് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. വാഹനമുടമയില്‍ നിന്ന് ഇതില്‍ വ്യക്തത വരുത്താനുളള ശ്രമത്തിലാണ് തമിഴ്‌നാട് പൊലീസ്. തിരുപ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം അടുത്ത ദിവസമേ ഹേമരാജിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കൂ. തുടര്‍ന്നാവും അപകടസ്ഥലത്തെത്തിച്ച് തെളിവെടുപ്പ്.

അപകടത്തെക്കുറിച്ചുളള സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ തന്നെ കെഎസ്ആര്‍ടിസിയും സര്‍ക്കാരിന് സമര്‍പ്പിക്കും. അടുത്ത ദിവസം തന്നെ അവിനാശിയില്‍ നിന്ന് ബസ് ഏറ്റെടുത്ത് പരിശോധന നടപടികള്‍ക്ക് തുടക്കമിടും.

ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്നറുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മരിച്ചവരെല്ലാം മലയാളികളാണ്. ബസിന്റെ ഡ്രൈവറും കണ്ടക്ടറും തല്‍ക്ഷണം മരിച്ചിരുന്നു. 48 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് ബസില്‍ ഉണ്ടായിരുന്നത്. മരിച്ച 12 പേരെ തിരിച്ചറിഞ്ഞു. പാലക്കാട് സ്വദേശി രാജേഷ് (35), തുറവൂര്‍ ജിസ്മോന്‍ ഷാജു (24), തൃശൂര്‍ സ്വദേശി നസീഫ് മുഹമ്മദ് (24), ശിവകുമാര്‍ (35) അറക്കുന്നം സ്വദേശി ബൈജു (47), ഐശ്വര്യ (28), തൃശ്ശൂര്‍ സ്വദേശി ഇഗ്നി റാഫേല്‍ (39), കിരണ്‍ കുമാര്‍ (33), തൃശ്ശൂര്‍ സ്വദേശി ഹനീഷ് (25), എറണാകുളം ഗിരീഷ് (29), റോസ്ലി എന്നിവരാണ് മരിച്ചത്.

ഇന്നലെ പുലര്‍ച്ചെ 3.25-നാണ് അപകടമുണ്ടായത്. ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് നിര തെറ്റിയ കണ്ടെയ്നര്‍ ലോറി എതിര്‍ ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസ്സുമായി ഇടിക്കുകയായിരുന്നു. ബസ്സിന്റെ വലതുവശത്താണ് കണ്ടെയ്നര്‍ വന്ന് ഇടിച്ചത്. അതിനാല്‍ വലതുഭാഗത്ത് ഇരുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ പരിക്കേറ്റത്.

Top