കെ.എസ്.ആര്‍.ടി.സി ബസ്സപകടം; രണ്ട് മന്ത്രിമാര്‍ ഉടന്‍ തിരുപ്പൂരിലേക്ക്

തിരുവനന്തപുരം: തിരുപ്പൂരില്‍ അവിനാശിക്കടുത്ത് ഉണ്ടായ കെഎസ്ആര്‍ടിസി ബസ്സപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ സൗകര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടില്‍ എത്തിക്കാനും വേണ്ട സൗകര്യങ്ങള്‍ ചെയ്യാന്‍ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

സംഭവത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി രണ്ടു മന്ത്രിമാര്‍ ഉടന്‍ തിരുപ്പൂരിലേക്കു പോകും.കൃഷിമന്ത്രി വി എസ് സുനില്‍കുമാറും, ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമാണ് തിരുപ്പൂരിലെത്തുക. മുഖ്യമന്ത്രി പിണറായി വിജയന്‍ എത്രയും പെട്ടെന്ന് മന്ത്രിമാരോട് പുറപ്പെടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിലുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ 94950 99910 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിക്കാമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. സംഭവ സ്ഥലത്തുള്ള പാലക്കാട് ഡിടിഒയുടെ നമ്പറാണിത്. അപകടത്തെ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി മനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വിവരങ്ങള്‍ക്കായി തിരുപ്പൂര്‍ കളക്ട്രേറ്റിലും ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 7708331194 ബന്ധപ്പെടാം.

ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്‌നറുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 19 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. മരിച്ചവരെല്ലാം മലയാളികളാണ്. ബസിന്റെ ഡ്രൈവറും കണ്ടക്ടറും തല്‍ക്ഷണം മരിച്ചിരുന്നു. 48 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവര്‍ എല്ലാം അവിനാശി ജില്ലാ ആശുപത്രിയിലാണുള്ളത്. ഇതില്‍ 2 പേരുടെ നില ഗുരുതരമാണ്.

പുലര്‍ച്ചെ 3.25-നാണ് അപകടമുണ്ടായത്. ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് നിര തെറ്റിയ കണ്ടെയ്‌നര്‍ ലോറി എതിര്‍ ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസ്സുമായി ഇടിക്കുകയായിരുന്നു. ബസ്സിന്റെ വലതുവശത്താണ് കണ്ടെയ്‌നര്‍ വന്ന് ഇടിച്ചത്. അതിനാല്‍ വലതുഭാഗത്ത് ഇരുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ പരിക്കേറ്റത്.

Top