അവിനാശി വാഹനാപകടം: മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കും

കോയമ്പത്തൂര്‍: തിരുപ്പൂരില്‍ അവിനാശിക്കടുത്ത് ഉണ്ടായ കെഎസ്ആര്‍ടിസി ബസ്സപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അടിയന്തരമായി സര്‍ക്കാര്‍
ധനസഹായം എത്തിക്കും. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

അടിയന്തരമായി രണ്ട് ലക്ഷം രൂപ ഒരാഴ്ചയ്ക്കകം തന്നെ നല്‍കും. നടപടിക്രമങ്ങള്‍ തടസമാകാത്ത വിധത്തില്‍ പണം കൈമാറാനാണ് തീരുമാനം. ബാക്കി തുക ഒരു മാസത്തിനകം കുടുംബാംഗങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.

അപകടത്തില്‍ മരിച്ച കെഎസ്ആര്‍ടിസി ജീവനക്കാരായ ഗിരീഷിന്റെയും ബൈജുവിന്റെയും കുടുംബത്തിന് 30 ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെഎസ്ആര്‍ടി യാത്രക്കാരുടെ ഇന്‍ഷുറന്‍സില്‍നിന്നാണ് ഈ തുക നല്‍കുന്നത്.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളികളുടെ ചികിത്സാ സഹായവും സര്‍ക്കാര്‍ വഹിക്കുമെന്ന് നേരത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു.

ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്നറുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 20 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. മരിച്ചവരെല്ലാം മലയാളികളാണ്. ബസിന്റെ ഡ്രൈവറും കണ്ടക്ടറും തല്‍ക്ഷണം മരിച്ചിരുന്നു. 48 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവര്‍ എല്ലാം അവിനാശി ജില്ലാ ആശുപത്രിയിലാണുള്ളത്. ഇതില്‍ 2 പേരുടെ നില ഗുരുതരമാണ്.

പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് ബസില്‍ ഉണ്ടായിരുന്നത്. മരിച്ച 12 പേരെ തിരിച്ചറിഞ്ഞു. പാലക്കാട് സ്വദേശി രാജേഷ് (35), തുറവൂര്‍ ജിസ്മോന്‍ ഷാജു (24), തൃശൂര്‍ സ്വദേശി നസീഫ് മുഹമ്മദ് (24), ശിവകുമാര്‍ (35) അറക്കുന്നം സ്വദേശി ബൈജു (47), ഐശ്വര്യ (28), തൃശ്ശൂര്‍ സ്വദേശി ഇഗ്നി റാഫേല്‍ (39), കിരണ്‍ കുമാര്‍ (33), തൃശ്ശൂര്‍ സ്വദേശി ഹനീഷ് (25), എറണാകുളം ഗിരീഷ് (29), റോസ്ലി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അവിനാശി, തിരുപ്പൂര്‍ ആശുപത്രികളില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടക്കും.

പുലര്‍ച്ചെ 3.25-നാണ് അപകടമുണ്ടായത്. ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് നിര തെറ്റിയ കണ്ടെയ്നര്‍ ലോറി എതിര്‍ ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസ്സുമായി ഇടിക്കുകയായിരുന്നു. ബസ്സിന്റെ വലതുവശത്താണ് കണ്ടെയ്നര്‍ വന്ന് ഇടിച്ചത്. അതിനാല്‍ വലതുഭാഗത്ത് ഇരുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ പരിക്കേറ്റത്

Top