ചാര്‍ജിങ്ങിനായി സി-ഡാക് വികസിപ്പിച്ച കോയിലുകള്‍ ഇ-ദേശീയപാത നിര്‍മാണത്തിന് ഉപയോഗിച്ചേക്കും

വൈദ്യുതവാഹനങ്ങളുടെ ചാര്‍ജിങ്ങിനായി സി-ഡാക് വികസിപ്പിച്ച കോയിലുകള്‍ ഇ-ദേശീയപാത നിര്‍മാണത്തിന് ഉപയോഗിച്ചേക്കും. വൈദ്യുതി വഹിക്കുന്ന കമ്പിച്ചുരുളുകളാണ് കോയിലുകള്‍. ഇവയില്‍നിന്ന് വാഹനത്തിലേക്ക് നേരിട്ട് വൈദ്യുതി സ്വീകരിക്കാനാവുംവിധമുള്ള പാതകളാണ് ഇ-പാത. രാജ്യത്തെ ദേശീയപാതയില്‍ 6000 കിലോമീറ്റര്‍ഭാഗം വൈദ്യുതവണ്ടികള്‍ക്കുള്ള ഇലക്ട്രോണിക് പാതയാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

പരീക്ഷണാടിസ്ഥാനത്തില്‍ പ്രത്യേക സ്ഥലത്ത് ഉപയോഗിച്ചശേഷമാകും വിജയമായെന്ന് കണ്ടാല്‍ ഇ-ഹൈവേ നിര്‍മാണം വ്യാപിപ്പിക്കുക. കേരളത്തില്‍ പുതുതായി നിര്‍മിക്കുന്ന റോഡുകള്‍ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറുന്നില്ലെങ്കിലും ഭാവിയില്‍ കൊണ്ടുവന്നേക്കാമെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ സൂചിപ്പിച്ചു. സി-ഡാക്കും നാഗ്പുര്‍ വി.എന്‍.ഐ.ടി.യുമായി സഹകരിച്ചാണ് കോയിലുകള്‍ നിര്‍മിച്ചതെന്ന് നേതൃത്വംനല്‍കിയ സി-ഡാക് ജോയന്റ് ഡയറക്ടര്‍ പി.പി. ജയന്‍ പറഞ്ഞു.

സി-ഡാക് വികസിപ്പിച്ച ട്രാന്‍സ്മിറ്റിങ്, റിസീവിങ് കോയിലുകള്‍ ഉപയോഗിക്കാനുള്ള സാധ്യതകളാണ് കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയം പരിശോധിക്കുന്നത്. ഈ മാസം അവസാനം തിരുവനന്തപുരം സി-ഡാക്കിലെ ഉന്നതദ്യോഗസ്ഥരെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. വിശദ റിപ്പോര്‍ട്ടുമായെത്താനാണ് നിര്‍ദേശം. സി-ഡാക്കിന്റെ ചാര്‍ജിങ് കോയിലുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ അനുമതി ലഭിച്ചതോടെയാണ് ഇത് ദേശീയപാത നിര്‍മാണത്തിലേക്ക് നീട്ടാനുള്ള സാധ്യതകള്‍ തേടിയത്.

Top