ഡിപ്ലോമാറ്റിക് ലഗേജിലെ സ്വര്‍ണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണം: മുല്ലപ്പള്ളി

തിരുവനന്തപുരം:യുഎഇ കോണ്‍സുലേറ്റിന്റെ മറവിലെ സ്വര്‍ണ്ണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഫേപോസ നിയമപ്രകാരം കേസ് ചാര്‍ജ് ചെയ്യണമെന്നും മുഖ്യമന്ത്രിയെ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കള്ളക്കടത്തിന്റെ എല്ലാ ഉള്ളറകളും പുറത്തുകൊണ്ടുവരാന്‍ സിബിഐക്കു മാത്രമേ സാധിക്കൂ. സിബിഐക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.കോഫേപോസ നിയമപ്രകാരം അഞ്ചുമുതല്‍ 15 ദിവസം വരെയുള്ള സമയം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കണം എന്നാണ് നിയമം.

എത്രയും പെട്ടെന്ന് സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

നിയമനത്തെക്കുറിച്ച് അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരു നിയമനവും മുഖ്യമന്ത്രിയോ പാര്‍ട്ടിയോ അറിയാതെ നടന്നിട്ടില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

സംശയത്തിന്റെ സൂചിമുന മുഖ്യമന്ത്രിയിലേയ്ക്കും ഓഫീസിലേയ്ക്കും തന്നെയാണ് നീങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ മേഞ്ഞുനടക്കുന്ന മഹിളയാണ് സ്വപ്ന സുരേഷ്. പല മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ഗള്‍ഫ് യാത്രകളില്‍ ഇവര്‍ അനുഗമിച്ചിട്ടുണ്ട്. പത്ത് തവണ സ്വര്‍ണം യുഎഇയില്‍നിന്ന് ഒളിച്ചുകടത്തി. ഇവര്‍ ഒളിവില്‍ കഴിയുന്നതില്‍ ഐഎഎസുകാരുടെ സഹായമുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.

Top