സ്വര്‍ണക്കടത്ത് കേസ്; നാല് പ്രതികള്‍ കൂടി കരുതല്‍ തടങ്കലില്‍

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ നാല് പ്രതികള്‍ കൂടി കരുതല്‍ തടങ്കലില്‍. കേസിലെ ഒന്നാം പ്രതി സരിത്ത്, രണ്ടാം പ്രതി കെ.ടി റമീസ്, അഞ്ചാം പ്രതി ജലാല്‍, ആറാം പ്രതി ഷാഫി എന്നിവരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. കസ്റ്റംസിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാരാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

പ്രതികള്‍ പുറത്തിറങ്ങിയാല്‍ രാജ്യത്തെ സാമ്പത്തിക അവസ്ഥയെ അസ്ഥിരപ്പെടുത്തുമെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയുടെ ഉത്തരവ്. കഴിഞ്ഞ ദിവസം പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉത്തരവ് ജയില്‍ സൂപ്രണ്ടിന് കൈമാറിയിരുന്നു.

ഉത്തരവിനെ തുടര്‍ന്ന് നാല് പ്രതികളെയും ബുധനാഴ്ച പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. ജാമ്യമില്ലാതെ ഒരു വര്‍ഷത്തോളം നാല് പ്രതികള്‍ക്കും ജയിലില്‍ കഴിയേണ്ടി വരും. കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപിനെയും നേരത്തെ കരുതല്‍ തടങ്കലിലാക്കിയിരുന്നു.

Top