കൊക്കൂണ്‍ 2021; സൈബര്‍ ഡേറ്റാ സുരക്ഷ രാജ്യസുരക്ഷയ്ക്കും അനിവാര്യമെന്ന് ബിപിന്‍ റാവത്ത്

തിരുവനന്തപുരം: സൈബര്‍ ലോകത്ത് ഡേറ്റ സുരക്ഷിതമാക്കാനുള്ള സാഹചര്യം ഉണ്ടാവേണ്ടത് വ്യക്തി സുരക്ഷയ്ക്കും, രാജ്യ സുരക്ഷയ്ക്കും അനിവാര്യമാണെന്ന് ചീഫ് ഓഫ് ഡിഫൈന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്. കേരളാ പൊലീസിന്റെ നേതൃത്വത്തില്‍ സൈബര്‍ സുരക്ഷാ രംഗത്ത് നടത്തിവരുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ കോണ്‍ഫറന്‍സായ കൊക്കൂണ്‍ 14-ാമത് എഡിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് പടര്‍ന്ന സമയത്ത് ജീവിത സാഹചര്യങ്ങള്‍ മാറിയതിനെ തുടര്‍ന്ന് കൂടുതല്‍ പേരും ഇന്റര്‍നെറ്റ് ഉപയോഗത്തിലേക്ക് മാറിയതോടെ അവിടെയുള്ള കുറ്റകൃത്യങ്ങളും പല മടങ്ങു വര്‍ദ്ധിച്ചു. പല ജോലികളും ഓണ്‍ലൈനിലേക്ക് മാറിയതോടെ പ്രൈവറ്റ് ആയ കാര്യങ്ങള്‍ പോലും പബ്ലിക് ഡേറ്റയാകുന്ന സ്ഥിതിയിലേക്ക് മാറി. ഇതോടെ ഈ രംഗത്തെ കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചു. ദേശീയ തലത്തില്‍ സൈബര്‍ സെക്യൂരിറ്റി പോളിസി രൂപീകരിക്കുന്നത് അന്തിമ ഘട്ടത്തിലാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

കൂടാതെ, രാജ്യത്ത് ഐടി ആക്ട് നവീകരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. സൈബര്‍ സുരക്ഷയ്ക്കായി രാജ്യത്തുള്ള എല്ലാ ഏജന്‍സികളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈബര്‍ സുരക്ഷയ്ക്കും രാജ്യ സുരക്ഷയ്ക്കും വേണ്ടി കേരളാ പൊലീസ് കൈക്കൊള്ളുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ ബിപിന്‍ റാവത്ത് അഭിനന്ദിക്കുകയും ചെയ്തു. കഴിഞ്ഞ 13 വര്‍ഷവും മികച്ച ജനപങ്കാളിത്തമാണ് കൊക്കൂണിന് ലഭിക്കുന്നത്. അത് തന്നെ സൈബര്‍ സുരക്ഷയുമായി നടത്തുന്ന ഇത്തരം കോണ്‍ഫറന്‍സുകളിലുള്ള ജന വിശ്വാസതയാണ്. അത് കൂടുതല്‍ പേര്‍ക്ക് പ്രയോജനകരമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഡിജിപി അനില്‍കാന്ത് ഐപിഎസ് ആമുഖ പ്രഭാഷണം നടത്തി. എഡിജിപിയും കൊക്കൂണ്‍ ഓര്‍ഗനൈസറുമായ മനോജ് എബ്രഹാം ഐപിഎസ് കൊക്കൂണ്‍ 14 എഡിഷന്റെ പ്രത്യേകതകളെക്കുറിച്ച് വിവരിച്ചു. കോണ്‍ഫറന്‍സിലെ സഹ സംഘാടകരായ ഇസ്ര പ്രസിഡന്റ് മനു സഖറിയ, കാനഡയിലെ പോലിസിബ് ഡയറക്ടര്‍ ബെസിപാന്‍ തുടങ്ങിയവര്‍ സംസാരിച്ചു, WWE ഹാല്‍ ഓഫ് ഫാമര്‍ & പ്രൊഫഷണല്‍ റെസ്ലിഗ് പ്രമോട്ടര്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് ജെഫ് ജാരെറ്റ് സെലിബ്രേറ്റി ഗസ്റ്റ് ആയി പങ്കെടുത്തു.

ടെക്മഹേന്ദ്രയുടെ എംഡി ആന്റ് സിഇഒ സി.പി. ഗുര്‍നാനി. തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. യുഎഇ ഗവണ്‍മെന്റിലെ സൈബര്‍ സെക്യൂരിറ്റി തലവന്‍ ഡോ. മുഹമ്മദ് ആല്‍ കുവൈറ്റി, യുഎഇയിലെ റോയല്‍ ഓഫീസ് ഒഫ് ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിന്‍ ഫൈസല്‍ ആല്‍ ഖസ്മിയുടെ ചെയര്‍മാന്‍ എച്ച്ഇ. തോമസ് സലേഖി, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ.ശിവന്‍, തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ശനിയാഴ്ച മുഖ്യപ്രഭാഷണം നടത്തും.

Top