കൊക്കൂണ്‍ 2018 രാജ്യാന്തര സൈബര്‍ കോണ്‍ഫറന്‍സ് ഇന്ന് സമാപിയ്ക്കും; മോഹന്‍ലാല്‍ മുഖ്യാതിഥി

cocoon

കൊച്ചി: സൈബര്‍ സുരക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന കൊക്കൂണ്‍ 2018 രാജ്യാന്തര സൈബര്‍ കോണ്‍ഫറന്‍സ് ഇന്ന് സമാപിക്കും. രാജ്യാന്തര തലത്തില്‍ തന്നെ മികച്ച പ്രതികരണമാണ് സമ്മേളനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കേരള പൊലീസ്, ജിടെക്, ഐടി മിഷന്‍ എന്നിവരുടെ പിന്തുണയോടെ സൊസൈറ്റി ഫോര്‍ ദി പൊലീസിംഗ് ഓഫ് സൈബര്‍ സ്‌പേസും (പോളിസിബ്), ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷനും (ഇസ്ര) സംയുക്തമായിട്ടാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

രണ്ട് ദിവസങ്ങളായി നടക്കുന്ന സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ മുഖ്യാതിഥിയായെത്തും. ഡി.ജി.പി ലോക് നാഥ് ബഹ്‌റ അധ്യക്ഷത വഹിക്കുന്ന സമാപന സമ്മേളനം ചീഫ് സെക്രട്ടറി ടോം ജോസ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കരന്‍, ഐ.ജി.മാരായ മനോജ് എബ്രഹാം, വിജയ് സാഖറേ, ഇന്‍സ്‌പെക്ടര്‍ ജോണ്‍ റോസ്, ജയ് ബാവിസി, ഡി. ഐ. ജിമാരായ ഷെഫീന്‍ അഹമ്മദ്,പി.പ്രകാശ്, ഇസ്ര പ്രസിഡന്റ് മനു സഖറിയ തുടങ്ങിയവര്‍ പങ്കെടുക്കും.

2007ല്‍ ആദ്യമായി കോണ്‍ഫറന്‍സ് ആരംഭിക്കുമ്പോള്‍ 200-ല്‍ താഴെ പ്രതിനിധികളാണ് പങ്കടുത്തിരുന്നത്. എന്നാല്‍ ഇന്നു രാജ്യന്തര തലത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ ആയിരത്തിലധികം പ്രതിനിധികളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്.

നാല് വേദികളില്‍ നടന്ന വിവിധ സൈബര്‍ കോണ്‍ഫറന്‍സുകളില്‍ ലോകത്തിലെ പുതിയ സൈബര്‍ മാറ്റങ്ങളും അത്യാധുനിക സംവിധാനങ്ങളും ചര്‍ച്ചയായി. ലോകം നേരിടുന്ന ഏറ്റവും ഗുരുതരമായ സൈബര്‍ തട്ടിപ്പായ സാമ്പത്തിക തട്ടിപ്പുകള്‍ പുതിയ തലത്തില്‍ വിവിധയിടങ്ങളില്‍ പൊങ്ങിവരുന്നത് നിയന്ത്രിക്കാന്‍ പ്രത്യേക നിരീക്ഷണവും, സൈബര്‍ ഇടത്തില്‍ സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ശക്തമാക്കണമെന്നും കോണ്‍ഫറന്‍സില്‍ ആവശ്യമുയര്‍ന്നു.

Top