വെര്‍ച്വല്‍ രംഗത്ത് പുതുതരംഗം സൃഷ്ടിച്ച് കൊക്കൂണ്‍ 13 എഡിഷന്‍ ആരംഭിച്ചു

കൊവിഡ് മഹാമാരിക്ക് പോലും തടുക്കാനാകാത്ത വിധം ജനപിന്തുണ കൊണ്ട് ശ്രദ്ധേയമായ കേരള പൊലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫറന്‍സിന് വ്യത്യസ്തമായ തുടക്കം. കഴിഞ്ഞ 12 എഡിഷനുകളില്‍ നിന്നും വ്യത്യസ്തമായി കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 6000ത്തിലധികം ഡെലിഗേറ്റുകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള വെര്‍ച്വല്‍ എഡിഷന് തുടക്കമായി. സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് തന്നെ പലതരം സൈബര്‍ ക്രൈമുകള്‍ നടക്കുന്നുണ്ടെന്നും അതിന് എതിരെ ജാഗ്രത പുലര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും ഗവര്‍ണര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കൊവിഡ് കാലത്ത് എല്ലാവരുടേയും ജീവിതം ഇന്റര്‍നെറ്റിലേക്ക് മാറി. അതിനാല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ഓരോരുത്തരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു.

ഇറ്റലിയിലെ കിങ് ഉമ്പര്‍ട്ടൊയുടെ ചെറുമകനും മൊണോകോ യുഗോസ്ലാവിയയുടെ പ്രിന്‍സ് പോളും ആയ എച്ച്.ആര്‍. എച്ച്. പ്രിന്‍സ് മൈക്കില്‍ ഡി യുഗോസ്ലാവി ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്റര്‍നെറ്റില്‍ ആരും സുരക്ഷിതല്ലെന്നും ഇ- മെയിലൂടെ നിരവധി ആളുകള്‍ ഹാക്കിങ്ങിന് ലോകത്താകമാനം ഇരയാകുന്നതായും പ്രിന്‍സ് മൈക്കില്‍ പറഞ്ഞു. ബാങ്ക് അക്കൗണ്ടുകളും മറ്റ് വിവരങ്ങളും ഇ- മെയിലിലൂടെ പങ്കുവെക്കുമ്പോള്‍ ഹാക്ക് ചെയ്യപ്പെട്ടാന്‍ സാധ്യതയുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പല രാജ്യങ്ങളും സ്വീകരിക്കുന്ന സുരക്ഷിത്വത്തെ കുറിച്ച് വിവരിച്ച അദ്ദേഹം ഇറ്റലി, ചൈന, സിംഗപ്പൂര്‍, തുടങ്ങി പല രാജ്യങ്ങളും എമര്‍ജന്‍സി മോഡ് പോലുളള നടപടികള്‍ സ്വീകരിക്കുന്ന കാര്യവും വ്യക്തമാക്കി.

സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടി കൊക്കൂണ്‍ പോലെയുള്ള സൈബര്‍ സുരക്ഷ കോണ്‍ഫറന്‍സിന്റെ പ്രാധാന്യം വലുതാണെന്ന് പറഞ്ഞ സംസ്ഥാന പോലീസ് മേധാവിയും ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാനുമായ ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥികളെ സ്വാഗതവും ചെയ്തു. എഡിജിപിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറും ഓര്‍ഗനൈസിങ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ മനോജ് എബ്രഹാം ഐപിഎസ് രണ്ട് ദിവസം നീളുന്ന കോണ്‍ഫറന്‍സിനെ കുറിച്ചുള്ള ആമുഖ പ്രസംഗം നടത്തി. 4 മില്ല്യണ്‍ ആളുകള്‍ ഓണ്‍ലൈനായി പങ്കെടുക്കുന്ന ലോകത്ത് തന്നെ വലിയ കോണ്‍ഫറന്‍സായി കൊക്കൂണ്‍ മാറിയെന്ന് മനോജ് എബ്രഹാം പറഞ്ഞു.

സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്ന ഈ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അക്രമങ്ങളും വര്‍ധിച്ച് വരുകയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കൊവിഡ് കാലത്ത് കൂടുതല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യമുണ്ടായി. സൈബര്‍ ക്രിമിനലുകള്‍ ഇന്റര്‍നെറ്റിനെ വലിയ രീതിയില്‍ ദുരുപയോഗം ചെയ്ത് വരുന്നു. ഇത്തരത്തിലുളള അക്രമങ്ങള്‍ക്കെതിരെ എങ്ങനെ പ്രതിരോധിക്കാമെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയുള്ളതാണ് ഇത്തരം കോണ്‍ഫറന്‍സിന്റെ ലക്ഷ്യമെന്നും എഡിജിപി പറഞ്ഞു. ഇസ്ര പ്രതിനിധി ജോബി ജോയി ചടങ്ങില്‍ നന്ദി അറിയിച്ചു.

Top