നാല് പുതിയ മോഡലുകളുമായി ഉല്‍പന്ന നിര വിപുലപ്പെടുത്താന്‍ കോക്കോണിക്‌സ്

തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് കോക്കോണിക്‌സ് തിരിച്ചുവരവിന് ഒരുങ്ങുന്നു. പുതിയ മോഡലുകള്‍ വിപണിയിലിറക്കിക്കൊണ്ടുള്ള കമ്പനിയുടെ റീലോഞ്ച് ജൂലൈ മാസത്തില്‍ നടക്കുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. ഓഹരിഘടനയില്‍ മാറ്റം വരുത്തിയതോടെ സംസ്ഥാനത്തെ ആദ്യ ഡീംഡ് പൊതുമേഖലാ സ്ഥാപനമായി കോക്കോണിക്‌സ് മാറി.പുതുതായി ഇറങ്ങുന്ന മോഡലുകളില്‍ രണ്ടെണ്ണം കെലട്രോണിന്റെ പേരില്‍ ആയിരിക്കും വിപണിയില്‍ എത്തുക.

2019ല്‍ ഉത്പാദനം ആരംഭിച്ച ശേഷം ഇതിനകം 12,500 ലാപ്‌ടോപ്പുകള്‍ കോക്കോണിക്‌സ് വിറ്റിട്ടുണ്ട്. നേരത്തെ കോക്കോണിക്‌സ് ഏഴു മോഡലുകളിലാണ് ഇറങ്ങിയത്. അതിന് പുറമേയാണ് പുതിയ നാല് മോഡലുകള്‍ എത്തുന്നത്. കോക്കോണിക്‌സിന്റെ എല്ലാ ലാപ്‌ടോപ്പ് മോഡലിനും ബിഎഎസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഒരു വര്‍ഷം 2 ലക്ഷം ലാപ്‌ടോപ്പ് നിര്‍മ്മാണം സാധ്യമാക്കാനും കോക്കോണിക്‌സ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.

അതേ സമയം കോക്കോണിക്‌സ് ഓഹരിഘടനയില്‍ മാറ്റം വരുത്തി സംസ്ഥാനത്തെ ആദ്യത്തെ ഡീംഡ് പൊതുമേഖല സ്ഥാപനമായി കോക്കോണിക്‌സ് മാറിയിട്ടുണ്ട്. കെല്‍ട്രോണ്‍, കെഎസ്എഫ്ഡിസി എന്നിവര്‍ക്ക് ഇപ്പോള്‍ കോക്കോണിക്‌സില്‍ 51 ശതമാനം ഷെയറാണ് ഉള്ളത്. സ്വകാര്യ നിക്ഷേപകരായ യുഎസ്ടി ഗ്ലോബലിന് 47 ശതമാനം ഓഹരിയാണ് ഉള്ളത്. രണ്ട് ശതമാനം ഓഹരി വ്യവസായ വകുപ്പ് നിര്‍ദേശിക്കുന്ന സ്റ്റാര്‍ട്ട് അപിനാണ്. പ്രവര്‍ത്തന സ്വയം ഭരണാവകാശം ഉള്ള സ്ഥാപനമായിരിക്കും കോക്കോണിക്‌സ് എന്നും വ്യവസായ മന്ത്രി പറഞ്ഞു. കോക്കോണിക്‌സ് നിര്‍മ്മിക്കുന്ന തിരുവനന്തപുരം മണ്‍വിളയിലെ യൂണിറ്റ് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി മാധ്യമങ്ങളോട് ഈ കാര്യങ്ങള്‍ അറിയിച്ചത്. അതേ സമയം പുതുതായി ഇറങ്ങുന്ന ലാപ്‌ടോപ്പുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങാനുള്ള അവസരം ഉണ്ടാകും. ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ എന്നിവ വഴി പുതിയ ലാപ്‌ടോപ്പുകള്‍ വാങ്ങാന്‍ സാധിക്കും.

Top