കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് ബ്രാന്‍ഡായ കോക്കോണിക്‌സ് ആമസോണില്‍

കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് ബ്രാന്‍ഡായ കോക്കോണിക്‌സ് ഓണ്‍ലൈന്‍ വിപണിയില്‍. ഇ കോമേഴ്‌സ് പ്ലാറ്റ് ഫോമായ ആമസോണില്‍ ലാപ്‌ടോപ്പിന്റെ രണ്ട് മോഡലുകളാണ് വില്പനക്കെത്തിയിരിക്കുന്നത്.

കോക്കോണിക്‌സിന്റെ വെബ്‌സൈറ്റില്‍ നിന്ന് പ്രീഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ആകെ 8 മോഡലുകളാണ് കോക്കോണിസ് പുറത്തിറക്കിയിരിക്കുന്നത്.

കോക്കോണിക്‌സ് എനാബ്ളര്‍ സി1314 ആണ് ആമസോണിലുള്ള ഒരു മോഡല്‍. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന ഈ ലാപ്‌ടോപ്പിന് 8 ജിബി റാമും 1 ടിബി ഹാര്‍ഡ് ഡിസ്‌കും കരുത്തു പകരുന്നു. ഇന്റല്‍ ഡ്യുവല്‍ കോര്‍ ഐ3 പ്രൊസസറുള്ള ഈ ലാപ് ടോപ്പിന് 29250 രൂപയാണ് വില.

കോക്കോണിക്‌സ് എനാബ്ളര്‍ സി1314 ഡബ്ല്യു ആണ് മറ്റൊരു മോഡല്‍.ഇത് പ്രവര്‍ത്തിക്കുന്നത് വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. ഡെഡിക്കേറ്റഡ് ഗ്രാഫിക്‌സ് കാര്‍ഡ് ഉള്‍പ്പെടുത്തിയ മോഡലിന് 35680 രൂപയാണ് വില.

6 മോഡലുകള്‍ കൂടി കോക്കോണിക്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉണ്ട്. ഇത് ഇപ്പോള്‍ പ്രീ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും.

ഇന്റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്‌സിലറോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ്, കെഎസ്‌ഐഡിസി തുടങ്ങിയ സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്‌സ് നിര്‍മ്മിച്ചിരിക്കുന്നത്.

Top