ഐക്യരാഷ്ട്ര സഭയുടെ ഉന്നത പുരസ്‌ക്കാരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് !

CIAL

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്‌ക്കാരമായ ‘ ചാമ്പ്യന്‍ ഓഫ് എര്‍ത്തിന് ‘ അര്‍ഹത നേടിയിരിക്കുകയാണ് ഈ വിമാനത്താവളം. ലോകത്തെ മറ്റ് എല്ലാ വിമാനത്താവളങ്ങളെയും പിന്നിലാക്കിയാണ് ഈ അംഗീകാരം കരസ്ഥമാക്കിയത്.

പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. ഈ നൂതന ആശയം പ്രാവര്‍ത്തികമാക്കിയതിനാണ് സിയാലിനെ തേടി ഐക്യരാഷ്ട്രസഭയുടെ ബഹുമതി എത്തിയത്.

CIAL

സെപ്റ്റംബര്‍ 26 ന് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തില്‍ സിയാല്‍ ലോകത്തിലെ ഏറ്റവും വിശിഷ്ടമായ പരിസ്ഥിതി പുരസ്‌ക്കാരം ഏറ്റുവാങ്ങും. സിയാലിന്റെ പരിസ്ഥിതി സംരംഭങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ യു.എന്‍.ആഗോള പരിസ്ഥിതി മേധാവിയും യു.എന്‍.ഇ.പി എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എറിക് സ്ലോഹെമിന്റെ നേതൃത്വത്തിലുള്ള യു.എന്‍.സംഘം കഴിഞ്ഞ മേയില്‍ കൊച്ചി വിമാനത്താവളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സിയാലിന്റെ ചെയര്‍മാനായ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനുമായി യു.എന്‍.പരിസ്ഥിതി മേധാവി അന്ന് ചര്‍ച്ച നടത്തുകയും ചെയ്തു.

CIAL

ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ്ജ വിമാനത്താവളമെന്ന നിലയില്‍ സിയാല്‍ കാഴ്ച വെച്ചിരിക്കുന്നത് അസാധാരണമായൊരു മാതൃകയാണെന്നും മറ്റുള്ളവര്‍ ഇത് പിന്തുടരുമെന്നും പുരസ്‌ക്കാര നേട്ടം അറിയിച്ചുകൊണ്ട് മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന് അയച്ച കത്തില്‍ എറിക് സ്ലോഹം വ്യക്തമാക്കി. 2015 മുതല്‍ പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന സിയാലിന്റെ വിവിധ പ്ലാന്റുകളുടെ മൊത്തം സ്ഥാപിത ശേഷി നിലവില്‍ 30 മെഗാവാട്ടാണ്. അടുത്തമാസം ഇത് 40 മെഗാവാട്ടായി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സിയാലിന്റെ സൗരോര്‍ജ്ജ പ്ലാന്റുകള്‍ അഞ്ച് കോടി യൂണിറ്റ് ഹരിതോര്‍ജമാണ് ഈ നാളുകള്‍ കൊണ്ട് ഉത്പാദിപ്പിച്ചിരിക്കുന്നത്.

Top