ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസ്; പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സൂചന

കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സൂചന. വെടിവയ്പ്പുണ്ടാകുമെന്ന കാര്യം ഒരു എസ്‌ഐ മുന്‍കൂട്ടി അറിയിച്ചെന്നാണ് ലീന മൊഴി നല്‍കിയിരിക്കുന്നത്. ലീനയുടെ മൊഴിയെ തുടര്‍ന്ന് എസ്‌ഐയെ ചോദ്യം ചെയ്തു.

അതേസമയം, കേസില്‍ മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയെ പ്രതിയാക്കിയുളള ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ജോസി ചെറിയാന്‍ തയാറാക്കിയ അന്തിമ റിപ്പോര്‍ട്ടാണ് എറണാകുളം എ സി ജെ എം കോടതിയില്‍ സമര്‍പ്പിക്കുക.

ഭീഷണിപ്പെടുത്തി പണംതട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു വെടിവെപ്പെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ബൈക്കിലെത്തി വെടിയുതിര്‍ത്ത യുവാക്കളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ മുംബൈ അധോലോക നേതാവ് രവി പൂജാരിയാണെന്ന് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു. ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ആയുധം ഉപയോഗിച്ച് ഭീതി സൃഷ്ടിക്കല്‍, അതിക്രമിച്ചു കടക്കല്‍, പണം അപഹരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പൂജാരിക്കെതിരെ ചുമത്തിയിരിക്കുന്നത്.

വെടിയുതിര്‍ത്ത കണ്ടാലറിയാവുന്ന യുവാക്കളാണ് ഒന്നും രണ്ടും പ്രതികള്‍. ഗൂഢാലോചനക്കു പിന്നില്‍ പ്രവര്‍ത്തിച്ച ചിലരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഡിസംബര്‍ 15 നാണ് കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്ത ശേഷം രണ്ട് യുവാക്കള്‍ കടന്നുകളഞ്ഞത്. കൃത്യത്തിന് പിന്നില്‍ രവി പൂജാരി തന്നെയാണ് തെളിഞ്ഞതോടെയാണ് ക്രൈംബ്രാഞ്ച് ആദ്യ കുറ്റപത്രം തയാറാക്കിയത്.

Top