കൊച്ചിയിലെ ഭീകര ഭീഷണി നേരിടുവാൻ പൊലീസിങ്ങ് ശക്തമാക്കണമെന്ന് ആവശ്യം

കൊച്ചിയിലെ ഭീകര ആക്രമണ ഭീഷണിയില്‍ പകച്ച് കേരള പൊലീസ്. പ്രമുഖ ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെ പ്രധാന സ്ഥാപനങ്ങള്‍ തകര്‍ക്കാനായി ഐ.എസ് ഭീകരര്‍ ആസൂത്രണം നടത്തുന്നതായാണ് പുറത്ത് വന്നിരിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

കേരള പൊലീസിന് ഭീകരരോട് ഏറ്റുമുട്ടി പരിചയമില്ലെന്നതാണ് സേന നേരിടുന്ന വലിയ വെല്ലുവിളി. സായുധസേന എന്നു ശരിക്കും പറയാവുന്നത് തന്നെ തണ്ടര്‍ ബോള്‍ട്ടിനെ മാത്രമാണ്. മാവോയിസ്റ്റ് വിരുദ്ധ സേനയായ ഈ വിഭാഗത്തിന് മാത്രമാണ് ആധുനിക ആയുധങ്ങള്‍ കൈവശമുള്ളത്. ഒരാക്രമണം ഐ.എസ് ഭീകരരുടെ ഭാഗത്ത് നിന്നുണ്ടായാല്‍ ഫലപ്രദമായി എങ്ങനെ ചെറുക്കുമെന്നതാണ് ഇപ്പോള്‍ പൊലീസിലെ ഉന്നതര്‍ ചര്‍ച്ച ചെയ്യുന്നത്. ഐ.എസ് ഭീഷണി സംബന്ധമായി മൂന്നു കത്തുകളാണ് ഇന്റലിജന്‍സ് വിഭാഗം കേരള പൊലീസിന് കൈമാറിയിരിക്കുന്നത്.

കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളില്‍ ആക്രമണം നടത്താന്‍ പദ്ധതിയുള്ളതായ വാര്‍ത്ത ജനങ്ങളെയും പരിഭ്രാന്തരാക്കിയിട്ടുണ്ട്. ഇടപ്പള്ളിയിലെ ഈ മാളില്‍ ഒരു സുരക്ഷാ സംവിധാനവും കാര്യമായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാളെന്നൊക്കെ പറഞ്ഞ് കെട്ടിപ്പൊക്കിയ കെട്ടിടത്തില്‍ ഏത് വാഹനത്തിനും പരിശോധന കൂടാതെ അകത്ത് കടക്കാം. പാര്‍ക്കിങ്ങിന്റെ ഭാഗത്ത് മാത്രമാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്താനുള്ള പരിശോധനയുള്ളത്. അതുതന്നെ അടുത്തിടെ ഏര്‍പ്പെടുത്തിയതാണ്. ഒരു ഭീകര ആക്രമണമുണ്ടായാല്‍ നേരിടേണ്ട തരത്തിലുള്ള സെക്യൂരിറ്റി സംവിധാനവും ഇവിടെയില്ല. സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഈ മാളിലേക്ക് പോവാതെയിരിക്കുന്നതാണ് ഭേദമെന്നാണ് പരിസരവാസികള്‍ പോലും പറയുന്നത്.

കേരളത്തിലെ ഏറ്റവും വലിയ കോടീശ്വരന്റെ ഏറ്റവും വലിയ ഷോപ്പിങ് മാളിലെ സ്ഥിതി ഇതാണെങ്കില്‍ മറ്റിടങ്ങളിലെ സ്ഥിതി പറയാതിരിക്കുന്നതാണ് ഭേദം. തീപിടുത്തമുണ്ടായാല്‍ ആളുകള്‍ക്ക് രക്ഷപ്പെടാന്‍ സാഹചര്യമില്ലാത്ത ഒരു മാളിലെ സിനിമാ തിയെറ്ററുകള്‍ക്ക് അധികൃതര്‍ റെഡ് സിഗ്നല്‍ ഉയര്‍ത്തിയത് അടുത്തയിടെയാണ്. അശാസ്ത്രീയവും നിയമവിരുദ്ധവുമായ കെട്ടിടങ്ങളാല്‍ സമ്പന്നമായ കൊച്ചി നഗരത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളും വെല്ലുവിളി തന്നെയാകും. പൊലീസിങ് ശക്തമാക്കി ഒരു ആക്രമണ സാധ്യത തന്നെ തകര്‍ക്കുക എന്നതാണ് നാശനഷ്ടങ്ങള്‍ ഒഴിവാക്കാനുള്ള ഏക പോംവഴി.

സ്വയം ചാവേറായി ആക്രമണത്തിന് കോപ്പുകൂട്ടുന്നവരെ നേരിടുക എന്നത് അപ്പോഴും വലിയ വെല്ലുവിളി തന്നെയാണ്. മുംബൈ ഭീകരാക്രമണം ഉദാഹരണമായി നമ്മുടെ മുന്നില്‍ തന്നെയുണ്ട്. കാര്യങ്ങള്‍ എന്തൊക്കെയായാലും കേന്ദ്ര- കേരള ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ മുന്നറിയിപ്പ്. കൊച്ചിയിലെ ഷോപ്പിങ് മാളുകളെ ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യം വച്ചേക്കുമെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പ്രധാനമായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൊച്ചിയിലെ ഷോപ്പിങ് മാളുകള്‍, പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ ആക്രമണങ്ങള്‍ക്കായി ഐഎസ് തിരഞ്ഞെടുത്തേക്കാമെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പ്രമുഖ ദേശീയ മാധ്യമമായ എന്‍.ഡി.ടി.വിയാണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇറാഖ്, സിറിയ തുടങ്ങിയ ശക്തികേന്ദ്രങ്ങളില്‍ നിന്ന് തിരിച്ചടികള്‍ നേരിട്ടതോടെ ഐഎസ് ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ കണ്ണുവെച്ചിട്ടുണ്ടെന്നാണ് വിവരമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐഎസില്‍ ചേര്‍ന്നിട്ടുള്ളവരെ അതാത് രാജ്യങ്ങളില്‍ തിരികെ എത്തിച്ച് ആക്രമണം നടത്തുകയെന്നതാണ് പുതിയ തന്ത്രമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ച് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭീകരഭീഷണിയുമായി ബന്ധപ്പെട്ട് നല്‍കിയ മൂന്ന് കത്തുകളില്‍ ഒന്നിലാണ് കൊച്ചിയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഐഎസുമായി ബന്ധപ്പെട്ട സൈബര്‍ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഇപ്പോഴും സജീവമാണ്. അതിനാല്‍ തന്നെ എപ്പോള്‍ വേണമെങ്കിലും ആക്രമണമുണ്ടായേക്കാമെന്നാതാണ് മുന്നറിയിപ്പ്.

ഐഎസ് സാന്നിധ്യം ശക്തമായ സംസ്ഥാനങ്ങളില്‍ ജമ്മു കശ്മീര്‍, തെലങ്കാന, ആന്ധ്ര, കേരളം എന്നിവയാണ് മുന്‍പന്തിയില്‍. ടെലഗ്രാം മെസഞ്ചര്‍ വഴിയാണ് ഏറ്റവും കൂടുതല്‍ ഇവര്‍ ആശയവിനിമയം നടത്തുന്നത്. എന്നാല്‍ വിവരങ്ങള്‍ ചോരുന്നു എന്ന ഭയത്താല്‍ ചില ആപ്പുകളും ഭീകരര്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നുവെന്നും ഇന്റലിജന്‍സ് കൈമാറിയ കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഇന്ത്യയും ശ്രീലങ്കയുമാണ് ഇപ്പോള്‍ ഭീകരരുടെ പുതിയ ആക്രമണ ലക്ഷ്യങ്ങള്‍. കേരളത്തില്‍ നിന്ന് നൂറോളം പേരാണ് ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി രാജ്യം വിട്ടത്. 21 കൗണ്‍സിലിങ് സെന്ററിലായി നടത്തിയ നിരന്തരമായ കൗണ്‍സിലിങ്ങുകളിലൂടെ 3,000 പേരെ ഭീകരവാദ ആശയങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനായെന്നും പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇവര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. ഇവരില്‍ ഭൂരിഭാഗം ആളുകളും ഉത്തരകേരളത്തില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

250 പേര്‍ കൊല്ലപ്പെട്ട ശ്രീലങ്കന്‍ ഭീകരാക്രമണത്തിന് പിന്നാലെ കേരളത്തിലെ 30 പേര്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്. സമാധാനത്തിന്റെ തുരുത്തായ കേരളത്തില്‍ അശാന്തി പടര്‍ത്താനാണ് ഭീകരര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഈ നീക്കം ചെറുക്കാന്‍ ജനങ്ങളും പൊലീസിനോട് സഹകരിക്കേണ്ടതുണ്ട്. സംശയകരമായ രീതിയില്‍ എന്തു തന്നെ കണ്ടാലും അത് ബന്ധപ്പെട്ടവരെ അറിയിക്കണം. ഭീകര രൂപിയായല്ല നിങ്ങളില്‍ ഒരാളായി തന്നെയാണ് ഭീകരരുടെ സാന്നിധ്യവും ഉണ്ടാകുക എന്ന കാര്യം എപ്പോഴും ഓര്‍മ്മ വേണം. വ്യക്തിയില്‍ തുടങ്ങി വാഹനങ്ങളിലും വസ്തുക്കളിലും വരെ ഒരു കണ്ണു വേണം.

ഇനി സര്‍ക്കാറിനോട് പറയാനുള്ളത് മറ്റൊരു കാര്യമാണ്. കേരളത്തില്‍ പൊലീസിങ് എന്നു പറയുന്നത് തന്നെ ഇപ്പോഴുണ്ടോ എന്നത് പരിശോധിക്കണം. ക്രമസമാധാന ചുമതലയില്‍ മുന്‍ പരിചയമില്ലാത്തവരെയാണ് ഇപ്പോള്‍ മിക്കയിടത്തും നിയമിച്ചിരിക്കുന്നത്. വ്യക്തിപരമായി നല്ല പേരെടുത്ത ഉദ്യോഗസ്ഥരാണ് ക്രമസമാധാന ചുമതലയിലുളള എ.ഡി.ജി.പി ദര്‍വേഷ് സാഹിബും ഉത്തരമേഖല ഐ.ജി അശോക് യാഥവും. എന്നാല്‍ ഇവര്‍ക്ക് ഇത്തരം സെന്‍സിറ്റീവ് വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റുമോ എന്ന കാര്യത്തില്‍ സേനയില്‍ തന്നെ സംശയങ്ങളുണ്ട്.

തൃശൂര്‍ റേഞ്ചില്‍ പ്രമോട്ടി ഐ.പി.എസുകാരനെ ഡി.ഐ.ജി തസ്തികയില്‍ നിയമിച്ചതും ഈ സാഹചര്യത്തില്‍ പുന:പരിശോധിക്കപ്പെടേണ്ട കാര്യമാണെന്ന അഭിപ്രായവും ഉയര്‍ന്നു കഴിഞ്ഞു. പ്രത്യേകിച്ച് ഗുരുവായൂര്‍ ക്ഷേത്രവും തൃശൂര്‍ പൂരവും നടക്കുന്ന മണ്ണില്‍ വലിയ ജാഗ്രത അനിവാര്യമാണ്.

ചങ്കുറപ്പുള്ള തൃശൂര്‍ പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയെ മാറ്റി ഒരു പ്രമോട്ടി ഐ.പി.എസുകാരനെ നിയമിക്കാന്‍ നോക്കിയ നടപടിയില്‍ തന്നെ പൊലീസ് ആസ്ഥാനത്തിന്റെ പാളിച്ച വ്യക്തമാണ്. പിന്നീട് തെറ്റ് മനസ്സിലാക്കി യതീഷ് ചന്ദ്രയെ മുഖ്യമന്ത്രി ഇടപെട്ടാണ് തുടരാന്‍ അനുവദിച്ചിരിക്കുന്നത്. ശരിയായ തീരുമാനമാണിത്. കൊച്ചി സിറ്റിയില്‍ കമ്മീഷണറേറ്റ് രൂപീകരിച്ച് ഐ.ജി വിജയ് സാഖറെയെ അവിടെ നിയമിച്ചിട്ടുണ്ടെങ്കിലും താഴെ തട്ടില്‍ സ്ഥിതി അവതാളത്തിലാണ്. കമ്മീഷണറേറ്റ് രൂപീകരിച്ചെങ്കിലും എസ്.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ പണിയാണ് സാക്കറെ ഇപ്പോള്‍ ചെയ്യുന്നത്. അധികാരമില്ലാത്ത കമ്മീഷണറേറ്റ് നേക്കികുത്തിയായാല്‍ മഹാനഗരത്തിലെ സുരക്ഷയും അവതാളത്തിലാകും. ഇവിടെ കമ്മീഷണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുക തന്നെ വേണം. ഭീകരരെ വെടിവയ്ക്കാന്‍ കളക്ടറുടെ അനുമതിയ്ക്കായി കാത്തു നില്‍ക്കാന്‍ കഴിയുകയില്ല.

രാഷ്ട്രീയ താല്‍പ്പര്യവും പൊലീസ് മേധാവിയുടെ താല്‍പ്പര്യവും മാറ്റി വെച്ച് ചങ്കുറപ്പുള്ള ഐപിഎസ് ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതലയില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വ്യക്തിപരമായ ആരുടെയെങ്കിലും താല്‍പ്പര്യമോ ഭരണകക്ഷിയോടുള്ള പ്രീണനമോ ആകരുത് നിയമനങ്ങളിലെ യോഗ്യത. മിടുക്കരായ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ കേരള പൊലീസിലുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ശേഷിയുള്ളവരാണ് അവര്‍. ആക്ഷന്‍ മാത്രമല്ല, ബുദ്ധി കൂടി ചേര്‍ന്നതാണ് പൊലീസിങ്.

കൊച്ചി റെയ്ഞ്ച് ഡി.ഐ.ജി ആയി കാളിരാജ് മഹേഷറിനെ നിയമിച്ചത് എന്തായാലും ശരിയായ തീരുമാനമാണ്. ഭീകരരെ നേരിട്ട് ഏറ്റുമുട്ടി കൊന്ന ധീര ചരിത്രം ഈ ഐ.പി.എസ് ഉദ്യോഗസ്ഥനുണ്ട്. ജമ്മു- കശ്മീര്‍ കേഡര്‍ ഐ.പി.എസുകാരനായിരുന്ന കാളിരാജ് മഹേഷര്‍ എ.എസ്.പി ആയിരുന്ന ഘട്ടത്തില്‍ തന്നെ നിരവധി ഭീകരവിരുദ്ധ ഓപ്പറേഷനില്‍ പങ്കെടുത്ത ഉദ്യോഗസ്ഥനാണ്. ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകര ഗ്രൂപ്പുകളിലെ നിരവധി പേരെ അദ്ദേഹം നേരിട്ട് ഏറ്റുമുട്ടി കൊലപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ബുള്ളറ്റ് ഇഞ്ചുറിയുണ്ട് ഈ യുവ ഐ.പി.എസുകാരന്റെ ദേഹത്ത്. 2008ല്‍ ആയിരുന്നു ആദ്യമായി ശരീരത്തില്‍ വെടിയേറ്റിരുന്നത്.

Express View

Top