ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് 17 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടി

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് 17 കോടി രൂപയുടെ കൊക്കെയ്ന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടി. കൊക്കെയ്ന്‍ കൊണ്ടുവന്ന കെനിയന്‍ യുവാവ് പിടിയിലായി. മയക്കുമരുന്ന് വാങ്ങാന്‍ കാത്തുനിന്ന മറ്റൊരു കെനിയന്‍ യുവതിയെ പിന്നീട് മുംബൈയില്‍ വെച്ച് അറസ്റ്റ് ചെയ്തതായി ഡിആര്‍ഐ അറിയിച്ചു.

ചൊവ്വാഴ്ച നെയ്‌റോബിയില്‍ നിന്ന് എത്തിയ യാത്രക്കാരനാണ് പിടിയിലായത്. ചോദ്യം ചെയ്തപ്പോള്‍ ആദ്യം നിഷേധിക്കുകയായിരുന്നു. പിന്നീട് ലഗേജ് പരിശോധിച്ചപ്പോഴാണ് ഏകദേശം 1,698 ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തത്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 17 കോടി രൂപ വിലവരും. ഇയാളുടെ കൈയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനടിക്കറ്റും കണ്ടെത്തിയിരുന്നു.

മയക്കുമരുന്ന് വാങ്ങാനെത്തിയ കെനിയന്‍ സ്വദേശിനിയെ മുംബൈയിലെ വസായ് മേഖലയില്‍ വെച്ചാണ് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Top