ഗുജറാത്തിൽ 3,000 കോടി നിക്ഷേപവുമായി കൊക്ക കോള; അത്യാധുനിക സൗകര്യങ്ങൾ ഒരുങ്ങും

മുംബൈ: ഗുജറാത്തിൽ 3,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ കൊക്ക കോളയുടെ ബോട്ടിലിംഗ് വിഭാഗമായ ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് ലിമിറ്റഡ്. ഇന്ത്യയിലെ പാനീയ നിർമ്മാതാക്കളായ കൊക്ക കോള ഇന്ത്യ, ഗുജറാത്തിൽ ബിവറേജ് നിർമാണത്തിനും അത്യാധുനിക സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.

2026-ൽ ആയിരിക്കും ഗുജറാത്തിലെ രാജ്‌കോട്ടിൽ ഇവ പ്രവർത്തനം ആരംഭിച്ചേക്കുക. ഗുജറാത്ത് സർക്കാർ എല്ലാവിധത്തിലുള്ള പിന്തുണയും നൽകുന്നുണ്ടെന്നും ആവശ്യമായ എല്ലാ അനുമതികളും രജിസ്ട്രേഷനുകളും അംഗീകാരങ്ങളും ക്ലിയറൻസുകളും സമയബന്ധിതമായി നേടുന്നതിന് ഇത് സഹായകമാകുമെന്നും എച്ച്സിസിബി പ്രസ്താവനയിൽ പറഞ്ഞു.

ഖേദ ജില്ലയിലെ ഗോബ്ലെജിലും അഹമ്മദാബാദ് ജില്ലയിലെ സാനന്ദിലും എച്ച്‌സിസിബി ഇതിനകം തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. എച്ച്‌സിസിബിയുടെ സംസ്ഥാനത്തെ മൊത്തം ജീവനക്കാരുടെ എണ്ണം 3000 ത്തോളമാകും എന്നാണ് റിപ്പോർട്ട്. ഇന്ത്യയിലുടനീളം എച്ച്‌സിസിബി 16 ഫാക്ടറികൾ പ്രവർത്തിപ്പിക്കുന്നുണ്ട്. അവിടെ ഏഴ് വിഭാഗങ്ങളിലായി 60 ഉൽപ്പന്നങ്ങൾ എച്ച്‌സിസിബി നിർമ്മിക്കുന്നു. 2023 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ, എച്ച്‌സിസിബി 12,735.12 കോടി രൂപയുടെ വരുമാനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്

അതേസമയം, ആദ്യമായി ആഭ്യന്തര ആൽക്കഹോൾ വിപണിയിലേക്ക് ഇറങ്ങുകയാണ് കൊക്കകോള ഇന്ത്യ. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ആൽക്കഹോൾ റെഡി-ടു ഡ്രിങ്ക് പാനീയമായ ലെമൺ-ഡൗ പരീക്ഷണാടിസ്ഥാനത്തിൽ ഗോവയിലും മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലും പുറത്തിറക്കിയിട്ടുണ്ട് കമ്പനി.

ബ്രാണ്ടിക്കും വോഡ്കയ്ക്കും സമാനമായ വാറ്റിയെടുത്ത മദ്യം ആണ് ലെമൺ-ഡൗ. പരമ്പരാഗതമായി നോൺ ആൽക്കഹോൾ ഉത്പന്നങ്ങൾ പുറത്തിറക്കിയ കൊക്കകോള ഇന്ത്യ, വൈവിധ്യവത്കരിക്കുന്നതിന്റെ അടയാളമാണ് പുതിയ മുന്നേറ്റം. കൊക്കകോളയുടെ ആദ്യത്തെ ലെമൺ സോർ ബ്രാൻഡാണ് ലെമൺ-ഡൗ.

ജപ്പാനിൽ നിന്നാണ് ലെമൺ-ഡൗ ഉത്ഭവിച്ചത്. 250 മില്ലി ലിറ്ററിന് 230 രൂപ വിലയുള്ളതാണ് ലെമൺ-ഡൗ. കോക്‌ടെയിലായ ‘ചുഹായ്’ വിഭാഗത്തിൽ പെടുന്നതാണ് ഇത്. മൊത്തത്തിൽ ഒരു ബിവറേജസ് കമ്പനി ആയി പരിണമിക്കാനുള്ള കൊക്കകോളയുടെ പദ്ധതിയുടെ ആദ്യ ചുവടുകൂടിയാണ് ഇത്.

യുകെ, നെതർലാൻഡ്‌സ്, സ്‌പെയിൻ, ജർമ്മനി എന്നിവിടങ്ങളിൽ ആരംഭിക്കുന്ന അബ്‌സലട്ട് വോഡ്കയും സ്‌പ്രൈറ്റും സംയോജിപ്പിച്ച് ഒരു പ്രീ-മിക്‌സ്ഡ് കോക്‌ടെയിൽ 2024-ൽ പുറത്തിറക്കാൻ പെർനോഡ് റിക്കാർഡുമായി കൊക്കകോള സഹകരിച്ചേക്കും.

Top