തീരദേശ പരിപാലന നിയമം; കേരളത്തോട് നടപടി ആരാഞ്ഞ് സുപ്രീം കോടതി

ന്യൂഡല്‍ഹി: തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ക്കെതിരെ എടുത്ത നടപടികള്‍ നാലാഴ്ചയ്ക്കകം അറിയിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീം കോടതി. നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ഉത്തരവ് പൂര്‍ണ്ണ അര്‍ഥത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കോടതി അലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയെ കക്ഷി ചേര്‍ക്കാനും കോടതി അനുമതി നല്‍കി.

2019ല്‍ തീരദേശ നിയമം ലംഘിച്ച് സംസ്ഥാനത്ത് നിര്‍മിച്ച അനധികൃത കെട്ടിടങ്ങളുടെ പട്ടിക കൈമാറാന്‍ ചീഫ് സെക്രട്ടറി ആയിരുന്ന ടോം ജോസിനോട് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിര്‍ദേശിച്ചിരുന്നു. മരടിലെ ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിന് ഇടയിലായിരുന്നു ഈ നിര്‍ദേശം. അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ സ്വീകരിക്കാന്‍ പോകുന്ന നിലപാടും കോടതിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഈ നിര്‍ദേശം ചീഫ് സെക്രട്ടറി ടോം ജോസ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മരടിലെ ഫ്ളാറ്റ് ഉടമകളില്‍ ഒരാളായ മേജര്‍ രവി കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഫെബ്രുവരി പത്തിന് മരട് ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് കോടതി അലക്ഷ്യ കേസില്‍ മറുപടി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ആറാഴ്ച ആയിരുന്നു മറുപടി നല്‍കാന്‍ അനുവദിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെയും മറുപടി നല്‍കിയില്ല.

ഇതേ തുടര്‍ന്നാണ് കോടതി അലക്ഷ്യ ഹര്‍ജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, നവീന്‍ സിന്‍ഹ, കെ.എം. ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചത്.

Top